കോഴിക്കോട് ജില്ലാ റവന്യൂ വകുപ്പിലെ മാനദണ്ഡ വിരുദ്ധമായ തസ്തിക മാറ്റം; അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ മന്ത്രി കെ രാജൻ……

തിരുവനന്തപുരം: (10visionnews.com)കോഴിക്കോട് ജില്ലയിലെ റവന്യൂ വകുപ്പിൽ ക്ലർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ ജില്ലാതല നിയമനം ലഭിച്ച അഞ്ച് ജീവനക്കാർക്ക് മാനദണ്ഡ വിരുദ്ധമായി തസ്തികമാറ്റം അനുവദിച്ചുവെന്ന ആരോപണത്തിൻമേൽ അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ സെക്രട്ടറിക്ക് മന്ത്രി കെ രാജൻ നിർദ്ദേശം നൽകി.

ക്ലർക്ക് -ടൈപ്പിസ്റ്റ് തസ്തികയിൽ നിന്നും ക്ലർക്ക് തസ്തികയിലേക്കോ ടൈപ്പിസ്റ്റ് തസ്തികയിലേക്കോ മാറുന്നതിന് സർവ്വീസിൽ പ്രവേശിച്ച് ആറ് മാസത്തിനുള്ളിൽ ഒപ്ഷൻ നൽകിയിരിക്കണമെന്നാണ് വ്യവസ്ഥ. സർവ്വീസിൽ പ്രവേശിച്ച് അഞ്ച് വർഷം കഴിഞ്ഞ ശേഷം മാത്രമേ പ്രസ്തുത ഒപ്ഷൻ പ്രകാരമുള്ള തസ്തിക മാറ്റം അനുവദിക്കു. എന്നാൽ കോഴിക്കോട് ജില്ലയിൽ അപ്രകാരമല്ലതെ സേവനത്തിൽ പ്രവേശിച്ച് ആറ് മാസത്തിനുള്ളിൽ തസ്തിക മാറ്റം അനുവദിച്ചുവെന്നാണ് ആരോപണം

ഇത്തരത്തിൽ തസ്തിക മാറ്റം അനുവദിച്ചതിലൂടെ ക്ലർക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോ​ഗാർത്ഥികളുടെ അവസരം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാ​ഗം കേരളാ അഡ്മിനിസട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം അഞ്ച് ജീവനക്കാരേയും റീവെർട്ട് ചെയ്യാൻ ഉത്തരവായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടയുടൻ റവന്യൂ മന്ത്രി കെ രാജൻ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *