മമ്മൂട്ടിയുടെ തിരിച്ചുവരവിനെ കുറിച്ച് തുറന്നുപറയുകയാണ് മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി.

(Cainimax) നടന്‍ മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ തിരിച്ചുവരവിനെ കുറിച്ച് തുറന്നുപറയുകയാണ് മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി

കാറും കോളും ഭീതിയിലാക്കിയ ഒരു വലിയ കടല്‍ താണ്ടിയതിന്റെ ആശ്വാസം. ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചുവെന്നും ഇനി മടങ്ങിവരവാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കുറേ നാളുകളായി കാണുന്ന ഇടങ്ങളിലെല്ലാം ഓരോ മനുഷ്യരുടെയും അന്വേഷണം ഇച്ചാക്കയെ കുറിച്ചുമാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കാറും കോളും ഭീതിയിലാക്കിയ ഒരു വലിയ കടല്‍ താണ്ടിയതിന്റെ ആശ്വാസം. ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു. ഇനി മടങ്ങിവരവാണ്. കുറേ നാളുകളായി കാണുന്ന ഇടങ്ങളിലെല്ലാം ഓരോ മനുഷ്യരുടെയും അന്വേഷണം ഇച്ചാക്കയെ കുറിച്ചുമാത്രമായിരുന്നു. സീരിയല്‍ ചിത്രീകണത്തിനായുള്ള യാത്രകളിലടക്കം റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും വഴികളിലും ചിത്രീകരണസ്ഥലത്തും എവിടെ പോയാലും ആളുകള്‍ വന്ന് ചോദിക്കും സ്നേഹത്തോടെ, മമ്മൂക്ക ഓക്കെയല്ലേ? എന്ന്.

അതെയെന്ന് പറഞ്ഞു മടങ്ങുമ്പോ അവരുടെ മുഖത്തെ ആ ഭാവം, ഒരു മനുഷ്യനോടുള്ള സ്നേഹത്തിന്റെ ആഴം തെളിയിക്കുന്നതാണ്. ലോകം മുഴുവന്‍ ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയോ. അതെ. ഞാന്‍ കണ്ട ലോകമെല്ലാം പ്രാര്‍ത്ഥനയിലായിരുന്നു. ഇച്ചാക്കയുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ആഗ്രഹത്തിലായിരുന്നു. അത്ര കാര്യമായ പ്രശ്‌നമൊന്നുമില്ലായിരുന്നു. എന്നാലും ഒരു വിങ്ങല്‍ ബാക്കി നിന്നിരുന്നു മനസ്സില്‍. ഓരോ ശ്വാസത്തിലും പ്രാര്‍ത്ഥിച്ചിരുന്നു. കോടി കോടി മനുഷ്യര്‍ക്കൊപ്പം.ഇന്നിപ്പോ എല്ലാ പ്രതിസന്ധികളും മറികടന്നിരിക്കുമ്പോള്‍ ഒരുകടല്‍ നീന്തിക്കടന്ന ആശ്വാസം.

ഉപാധികളില്ലാതെ ഇച്ചാക്കയോടുള്ള സ്നേഹം കൊണ്ടുനടന്നവര്‍ക്ക്. പ്രാര്‍ത്ഥിച്ചവര്‍ക്ക്, തിരിച്ചുവരാന്‍ അദമ്യമായി ആഗ്രഹിച്ചവര്‍ക്ക്. പിന്നെ ഓരോ മനുഷ്യനും ദൈവത്തിനും. നന്ദി.

സ്നേഹം, ഇബ്രാഹിംകുട്ടി.

Leave a Reply

Your email address will not be published. Required fields are marked *