വിശുദ്ധ മൃഗമാണ് പശു, നൂഹ് സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളി പഞ്ചാബ്-ഹരിയാന ഹൈക്കോടതി.

ചണ്ഡീഗഢ്: വിശുദ്ധ മൃഗമാണ് പശുവെന്നും കശാപ്പ് ഉള്‍പ്പടെയുള്ള പ്രവൃത്തികള്‍ ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും പഞ്ചാബ്-ഹരിയാന ഹൈക്കോടതി

പശുക്കടത്ത് പോലുള്ള വ പ്രത്യേക ജനവിഭാഗങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുമെന്നും ഹൈക്കോടതി പരാമര്‍ശിച്ചു.
പശുക്കടത്ത് കേസില്‍ ആരോപണവിധേയനായ നുഹ് സ്വദേശിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
കശാപ്പിനായി രാജസ്ഥാനിലേക്ക് പശുക്കളെ കടത്തി എന്നാരോപിച്ചാണ് ആസിഫ് എന്ന നുഹ് സ്വദേശിക്കെതിരെ കേസെടുത്തിരിക്കുന്നത്. 2015ലെ ഹരിയാന ഗോവന്‍ഷ് സംരക്ഷന്‍, ഗോ സംവര്‍ധന്‍ നിയമവും മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കുറ്റകൃത്യത്തില്‍ പ്രതിയുടെ പങ്ക് വ്യക്തമായതിനാല്‍ കൃത്യമായ കേസന്വേഷണത്തിന് ആരോപണ വിധേയനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് കോടതി ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പരാമര്‍ശിച്ചത്.
മുന്‍പും യുവാവ് സമാനമായ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മൂന്ന് എഫ്.ഐ.ആര്‍ ഇയാള്‍ക്ക് എതിരെ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ആര്‍ട്ടിക്കിള്‍ 51എ (ജി) എല്ലാ ജീവജാലങ്ങളോടും അനുകമ്പ കാണിക്കണമെന്ന് പറയുന്ന സാഹചര്യത്തില്‍ യുവാവിന്റെ പ്രവൃത്തി സമൂഹത്തേയും ഭരണഘടനയേയും വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
‘യുവാവ് സ്ഥിരം കുറ്റവാളിയാണ്. പലതവണ ജാമ്യം ലഭിച്ചിട്ടും യുവാവ് കുറ്റകൃത്യം ആവര്‍ത്തിച്ചത് നിയമ പരിരക്ഷ ദുരുപയോഗം ചെയ്തതിന്റെ തെളിവാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ നിരപരാധികള്‍ക്ക് നിയമപരിരക്ഷ നല്‍കാനുള്ളതാണ്, അല്ലാതെ കുറ്റകൃത്യം ആവര്‍ത്തിക്കാനുള്ള അനുമതിയല്ല’, എന്നും കോടതി കുറ്റപ്പെടുത്തി.
വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ച് കോടതിക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും യുവാവിന് ജാമ്യത്തിന് അര്‍ഹതയുണ്ടെങ്കിലും കുറ്റകൃത്യം ആവര്‍ത്തിക്കുന്ന ഒരു വ്യക്തിക്ക് എതിരെ കടുത്തനിലപാടെടുക്കുകയല്ലാതെ മറ്റുവഴികളില്ലെന്നും ജസ്റ്റിസ് മൗദ്ഗില്‍ പറഞ്ഞു.ഇന്ത്യന്‍ സമൂഹത്തില്‍ പശുക്കള്‍ക്ക് നല്‍കിയിരിക്കുന്ന സവിശേഷ സ്ഥാനം പരിഗണിക്കുമ്പോള്‍ ഈ കേസില്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ മാത്രമല്ല, സാംസ്‌കാരികവും വൈകാരികവുമായ തലങ്ങളും അടങ്ങിയിട്ടുണ്ടെന്നും ജസ്റ്റിസ് സന്ദീപ് മൗദ്ഗില്‍ വിധി പ്രസ്താവത്തില്‍ പറഞ്ഞു.

പശു വിശുദ്ധ മൃഗമെന്നത് മാത്രമല്ല, ഇന്ത്യയുടെ കാര്‍ഷിക സംസ്‌കാരത്തില്‍ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമാണെന്നും ജസ്റ്റിസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *