യെമനിന്റെ തലസ്ഥാനമായ സനയിലെ ഐക്യരാഷ്ട്രസഭാ ഓഫീസുകള്‍ ആക്രമിച്ച് ഹൂത്തി വിമതര്‍.

സന: യെമനിന്റെ തലസ്ഥാനമായ സനയിലെ ഐക്യരാഷ്ട്രസഭാ ഓഫീസുകള്‍ ആക്രമിച്ച് ഹൂത്തി വിമതര്‍ 11 ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. ഹൂത്തികള്‍ ബലപ്രയോഗത്തിലൂടെ ഓഫീസുകളില്‍ പ്രവേശിക്കുകയും യു.എന്‍ സ്വത്തുകള്‍ പിടിച്ചെടുക്കുകയും ചെയ്തായി യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് പറഞ്ഞ
ഹൂത്തികള്‍ തലസ്ഥാനത്തെ മറ്റ് യു.എന്‍ ഓഫീസുകളിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ യെമനിലെ ഹൂത്തികള്‍ നയിക്കുന്ന സര്‍ക്കാരിന്റെ പ്രധാനമന്ത്രിയും ചില മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹൂത്തികള്‍ ഐക്യരാഷ്ട്രസഭാ ഓഫീസുകളില്‍ അതിക്രമിച്ച് കയറി റെയ്ഡ് നടത്തിയത്.
സനയിലെ ഓഫീസുകളില്‍ ഹൂത്തികള്‍ റെയ്ഡ് നടത്തിയതായി വേള്‍ഡ് ഫുഡ് പ്രോഗ്രാം വക്താവ് അബീര്‍ എറ്റെഫ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടയില്‍ സനയിലെ തുറമുഖ നഗരമായ ഹൊദൈദയില്‍ 11 ജീവനക്കാരെ ഹൂത്തികള്‍ കസ്റ്റഡിയിലെടുത്തതായി യു.എന്‍ പ്രതിനിധി ഹാന്‍സ് ഗ്രണ്ട്‌ബെര്‍ഗ് അറിയിച്ചു.

ഇതിനെതിരെ അദ്ദേഹം ശക്തമായി അപലപിക്കുകയും അവരെ ഉടനടി നിരുപാധികം വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 2021നും 2023നും ഇടയില്‍ 23 യു.എന്‍ ഉദ്യോഗസ്ഥരെ ഹൂത്തികള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് ഹാന്‍സ് ഗ്രണ്ട്‌ബെര്‍ഗ് ആരോപിച്ചു. കഴിഞ്ഞ ജനുവരിയില്‍ എട്ട് യു.എന്‍ ഉദ്യോഗസ്ഥരെ ഹൂത്തി വിമതര്‍ കസ്റ്റഡിയിലെടുത്തിരുന്നു.


യൂണിസെഫ്, ലോകാരോഗ്യ സംഘടന എന്നിവയുടെയും ഓഫീസുകളില്‍ ഹൂത്തി വിമതര്‍ റെയ്ഡ് നടത്തിയതായി യു.എന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമ വാര്‍ത്തകളുണ്ട്. ചില ഡബ്ല്യു.എഫ്.പി, യൂണിസെഫ് ജീവനക്കാരെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും അവരെയും ഹൂത്തി കസ്റ്റഡിയില്‍ എടുത്തിരിക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഹൂത്തികളില്‍ നിന്നും ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *