മുക്കുപണ്ടം പണയംവച്ച് 10 ലക്ഷം രൂപ തട്ടിയ യുവാവ് രാജ്യംവിടുന്നതിനിടെ പിടിയില്‍.

തൃശൂർ:മുക്കുപണ്ടം പണയംവച്ച് 10 ലക്ഷം രൂപ തട്ടിയ യുവാവ് രാജ്യംവിടുന്നതിനിടെ പിടിയില്. തൃശൂര്‍ എടമുട്ടത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് മുക്കുപണ്ട് പണയം വച്ച് 9.70 ലക്ഷം രൂപ തട്ടിയെടുത്ത മഹാരാഷ്ട്ര സ്വദേശി സന്തോഷ്(35)ആണ് പിടിയിലായത്. മുംബൈ ഛത്രപതി വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ദുബയിലേക്ക് പോവാനാണ് ഇയാള്‍ വിമാനത്താവളത്തിലെത്തിയത്.
എടമുട്ടത്ത് സ്വര്‍ണപ്പണിക്കാരനായിരുന്നു സന്തോഷ്.എടമുട്ടത്തെ ധനകാര്യ സ്ഥാപനത്തിലെ മാനേജര്‍ ഷണ്മുഖന്റെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂലൈ 31 മുതല്‍ ഈ വര്‍ഷം ഏപ്രില്‍ 10 വരെയുള്ള കാലയളവില്‍ 201 ഗ്രാം 700 മില്ലിഗ്രാം തൂക്കം വരുന്ന മുക്കുപണ്ടമാണ് ഇയാള്‍ സ്ഥാപനത്തില്‍ പണയം വച്ചത്
20 വര്‍ഷമായി എടമുട്ടത്ത് കുടുംബമായി താമസിച്ചിരുന്ന സന്തോഷ് ഈ ധനകാര്യ സ്ഥാപനത്തില്‍ വര്‍ഷങ്ങളായി സ്വര്‍ണം പണയം വയ്ക്കാറുണ്ട്. കൂടാതെ, മറ്റുള്ളവര്‍ പണയം വയ്ക്കുന്ന സ്വര്‍ണം മാറ്റുരച്ച് നോക്കുന്ന ജോലിയും ഇയാള്‍ ചെയ്യാറുണ്ട്. ജീവനക്കാര്‍ക്ക് സന്തോഷിനെ പരിചയമുള്ളതുകൊണ്ടും ആഭരണങ്ങളില്‍ 916 മുദ്ര ഉള്ളതുകൊണ്ടും പണയം വച്ച ആഭരണങ്ങള്‍ അവര്‍ ഉരച്ച് പരിശോധിച്ചിരുന്നില്ല.പണയം വയ്ക്കാനെത്തിച്ച സ്വര്‍ണം ഉരച്ച് പരിശോധിക്കുന്നതിനായി ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാതെ വന്നതിനെ തുടര്‍ന്ന് ഇയാള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ ചെന്നപ്പോഴാണ് ഇയാള്‍ ഭാര്യയും കുട്ടികളുമായി സ്ഥലം വിട്ടതായി അറിഞ്ഞത്. തുടര്‍ന്നാണ് സ്ഥാപനം പോലീസില്‍ പരാതി നല്‍കിയത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *