നടേശന് പിന്തുണ നൽകുന്ന മുഖ്യമന്ത്രി വർഗീയതക്ക് കുടപിടിക്കുകയാണ് പി.മുജീബു റഹ്മാൻ
കോഴിക്കോട് :പിന്തുണ നൽകുന്ന മുഖ്യമന്ത്രി വർഗീയതക്ക് കുടപിടിക്കുകയാണ്
പി.മുജീബു റഹ്മാൻകേരളത്തിൻ്റെ സൗഹൃദവും സഹോദര്യവും നിലനിർത്താൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി തന്നെ വെള്ളാപ്പള്ളി നടേശന് പിന്തുണ നൽകുന്നതിലൂടെ വർഗീയതക്ക് കുടപിടിക്കുകയാണെന്ന്
ജമാഅത്തെ ഇസ് ലാമി അമീർ പി.മുജീബ് റഹ്മാൻ പറഞ്ഞു.
സംഘ്പരിവാറിനെ പോലും തോൽപ്പിക്കുംവിധം വർഗീയ, വിദ്വേഷ പ്രസ്താവനകളാണ് വെള്ളാപ്പള്ളി നടേശൻ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹ്യാന്തരീക്ഷം തകർക്കാൻപോന്ന സ്വഭാവത്തിൽ ഇതര മതങ്ങളോടുള്ള വെറുപ്പുൽപ്പാദിപ്പിക്കുകയും അതിൻ്റെ പ്രചാരണത്തിൽ ലഹരി കണ്ടെത്തുകയും ചെയ്യുന്ന ഈ വ്യക്തിക്കെതിരെ നിയമനടപടി കൈകൊള്ളേണ്ട മുഖ്യമന്ത്രി പക്ഷേ, ഓരോ വിദ്വേഷ പ്രസംഗത്തിനുശേഷവും നേരിട്ടോ, മന്ത്രിസഭയിലെ അംഗങ്ങളോ പറഞ്ഞുവിട്ടോ വെള്ളാപ്പള്ളിയെ ആദരിക്കുന്ന ദുരന്തകാഴ്ചയാണ് കേരളത്തിൽ സംഭവിക്കുന്നത്.
“ജാതി ഭേദം, മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാന” മെന്ന് കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൻ്റെ വിരിമാറിൽ എഴുതിവെച്ച നാരായണ ഗുരുവിൻ്റെ സമകാലിക മാതൃകയാണ് വെള്ളാപ്പള്ളിയെന്ന് വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി പുരോഗമന കേരളത്തെയും നവോത്ഥാന ചരിത്രത്തെയും പരിഹസിക്കുകയാണ് ചെയ്യുന്നത്. ഇതര മതങ്ങളോടും സംസ്കാരങ്ങളോടും സാഹോദര്യവും അപരപ്രിയത്വവും സ്വജീവിതത്തിൽ കാത്തുസൂക്ഷിക്കുകയും കേരളീയ സമൂഹത്തെ അത് പരിശീലിപ്പിക്കുകയും
ചെയ്ത നാരായണ ഗുരുവിനെ അപര മതഭീതിയെ രാഷ്ട്രീയവും സാമുദായികവുമായ വളർച്ചക്കുവേണ്ടി ഉപയോഗപ്പെടുത്തുന്ന വെള്ളാപ്പള്ളിയുമായി സമീകരിക്കുന്നത് ആത്യന്തികമായി ഗുരുവിനെ അവഹേളിക്കലാണ്. വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യംവെച്ച്
മുസ്‌ലിം-ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കിടയിൽ നേരത്തെ തന്നെ സാമൂഹിക വിഭജനത്തിന് ആക്കം കൂട്ടിയ സി.പി.എം സർക്കാർ ഇപ്പോൾ ഹിന്ദു- മുസ്‌ലിം അകൽച്ചക്കു വേണ്ടി വെള്ളാപ്പള്ളിയെ മുൻനിർത്തി കളമൊരുക്കുകയാണെന്ന്
കേരളത്തിന് തിരിച്ചറിവുണ്ടെന്ന് മുഖ്യമന്ത്രി ഓർക്കുന്നത് നന്ന്. മുജീബ് റഹ്മാൻ കൂട്ടിച്ചേർത്തു.

