പ്രവാചകൻ മുഹമ്മദ് നബിയെയും ഖുർആനെയും അവഹേളിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിട്ടയാള്‍ അറസ്റ്റില്‍.

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരില്‍ പ്രവാചകൻ മുഹമ്മദ് നബിയെയും ഖുർആനെയും അവഹേളിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിട്ടയാള്‍ അറസ്റ്റില്‍ 45കാരനാണ് അറസ്റ്റിലായത്. വിദ്വേഷ പോസ്റ്റിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധം ശക്തമായപ്പോഴാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെയും സമരക്കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധക്കാര്‍ രണ്ട് ഇരുചക്രവാഹനങ്ങള്‍ക്ക് തീയിട്ടതായും ന്യൂ ഇന്ത്യന്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രതിയെ അറസ്റ്റ് ചെയ്തതായി പ്രതിഷേധക്കാരെ അറിയിച്ചിട്ടും അവർ പിന്മാറാൻ തയ്യാറായില്ലെന്ന് പൊലീസ് പറയുന്നു. പിന്നാലെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശിയെന്ന് ഷാജഹാൻപൂർ പൊലീസ് സൂപ്രണ്ട് രാജേഷ് ദ്വിവേദി പറഞ്ഞു.സംഭവവമുമായി ബന്ധപ്പെട്ട് തിരിച്ചറിയാത്ത 200 പേർക്കെതിരെ കേസെടുത്തതായി ഷാജഹാൻപൂർ ജില്ലാ പൊലീസ് അറിയിച്ചു.വിഡിയോകള്‍,പൊലീസ് റെക്കോര്‍ഡിങ്ങുകള്‍,സിസിടിവി ദൃശ്യങ്ങള്‍ എന്നിവര പരിശോധിച്ച് കേസെടുത്തവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഷാജഹാൻപൂരിൽ സ്ഥിതിഗതികൾ ശാന്തമായി തുടരുന്നുണ്ടെങ്കിലും മുൻകരുതൽ നടപടിയായി നഗരത്തിലുടനീളം പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് എസ്പി പറഞ്ഞു. അതേസമയം പ്രദേശങ്ങളിൽ പൊലീസ് സംഘങ്ങൾ ഫ്ലാഗ് മാർച്ചുകൾ നടത്തി.

സാമൂഹിക മാധ്യമങ്ങളിൽ ഏതെങ്കിലും ജാതി, മതം, സമൂഹം എന്നിവയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പറയുന്നതിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് ജില്ലാ പൊലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചു. സാമുദായിക ഐക്യത്തെ തകർക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇടരുതെന്നും ഇത്തരം പോസ്റ്റുകള്‍ പങ്കുവെക്കുന്നവരുടെ പട്ടിക സോഷ്യൽ മീഡിയ മോണിറ്ററിംഗ് ടീം തയ്യാറാക്കിയിട്ടുണ്ടെന്നും എസ്‍പി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *