പൊലീസ് സ്റ്റേഷനുകളില്‍ കസ്റ്റഡി മർദ്ദനവും കൊലപാതങ്ങളും നടക്കുന്നത് തടയാൻ എ.ഐ നിയന്ത്രിത കണ്ട്രോള് റൂമുകള്‍ സ്ഥാപിക്കാൻ സുപ്രീം കോടതി നിർദ്ദേശം.
ന്യൂഡൽഹി:പൊലീസ് സ്റ്റേഷനുകളില്‍ കസ്റ്റഡി മർദ്ദനവും കൊലപാതങ്ങളും നടക്കുന്നത് അവിടത്തെ സി.സി.ടി.വി ക്യാമറകള്‍ ഓഫാക്കുന്ന പശ്ചാത്തലത്തിലായതിനാല്‍ എ.ഐ നിയന്ത്രിത കണ്ട്രോള് റൂമുകള്‍ സ്ഥാപിക്കാൻ നിർദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി.
സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുകയാണ് ലക്ഷ്യം.
കേരളത്തിലടക്കം കസ്റ്റഡി മർദ്ദനങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നതിനാല്‍ കുറ്റക്കാർക്കെതിരെ നടപടിയുണ്ടായി. ഇതിനിടെയാണ് ,രാജ്യത്തെ പല പൊലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാത്തതിലും പലതും പ്രവർത്തനക്ഷമമല്ലാത്തതിലും സ്വമേധയാ എടുത്ത കേസ് സുപ്രീംകോടതി ഇന്നലെ പരിഗണിച്ചത്. മനുഷ്യന്റെ ഇടപെടലില്ലാതെ, നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്) മാത്രം നിയന്ത്രിക്കുന്ന കണ്ട്രോള് റൂമായിരിക്കണം ദൃശ്യങ്ങള്‍ നിരീക്ഷിക്കേണ്ടതെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തില്‍ സെപ്തംബർ 26ന് വിധി പറയും.
സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥർ സത്യവാങ്മൂലം നല്‍കുമെങ്കിലും , പിറ്റേന്ന് അതേ ഉദ്യോഗസ്ഥർ ക്യാമറകള്‍ സ്വിച്ച് ഓഫ് ചെയ്യുമെന്ന് കോടതി പരാമർശിച്ചു. ക്യാമറകള്‍ ഏതെങ്കിലും സ്റ്റേഷനില്‍ ഓഫായാല്‍ അത് എ.ഐയുടെ ശ്രദ്ധയില്‍പ്പെടുന്നതോടെ അടുത്ത നടപടിക്ക് സാധിക്കും.
ഐ.ഐ.ടിയെ
ചുമതലപ്പെടുത്തും
ആദ്യനടപടിയായി എല്ലാ പൊലീസ് സ്റ്റേഷനുകളിലും സ്വതന്ത്ര ഏജൻസിയെ ഉപയോഗിച്ചു പരിശോധന നടത്തുമെന്ന് കോടതി സൂചിപ്പിച്ചു. എ.ഐ സാങ്കേതിക വിദ്യ സംവിധാനമൊരുക്കാൻ ഒരു ഐ.ഐ.ടിയെ ചുമതലപ്പെടുത്തും. ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതു പോലും എ.ഐ ആയിരിക്കണം. ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്കർ പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസ്. രാജ്യത്തെ വിവിധ സ്റ്രേഷനുകളില്‍ 8 മാസത്തിനിടെ 11 കസ്റ്റഡി മരണങ്ങളുണ്ടായെന്ന റിപ്പോർട്ട് കോടതി പരിഗണിച്ചു.

