പൈസയ്ക്ക് അത്യാവശ്യമുളളവരെന്ന് മനസ്സിലാക്കിയാല്‍ പിന്നെ പണി തുടങ്ങും; സിനിമയില്‍ ഉപയോഗിക്കുന്ന വ്യാജ കറൻസിയിറങ്ങും, സ്ഥലക്കച്ചവടത്തില്‍ വൻ തട്ടിപ്പ്.
മുവ്വാറ്റുപുഴ: സ്ഥലക്കച്ചവടത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയെ മൂവാറ്റുപുഴ പോലീസ് പിടികൂടി.
തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ സജിത് കുമാറാണ് പിടിയിലായത്. പണം നഷ്ടപ്പെട്ട മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയെത്തുടർന്നായിരുന്നു പോലീസ് അന്വേഷണം.
പണം വെളുപ്പിക്കാനെന്ന പേരില്‍ തട്ടിപ്പ്

സ്ഥലക്കച്ചവടത്തിന് പരസ്യം നല്‍കുന്നവരെ ബ്രോക്കർ എന്ന വ്യാജേന ഫോണില്‍ വിളിച്ച് സൗഹൃദം സ്ഥാപിക്കുകയാണ് സജിത്തും കൂട്ടാളി മണിയും ചെയ്തിരുന്നത്. പൈസയ്ക്ക് അത്യാവശ്യമുളളവരെന്ന് മനസ്സിലാക്കിയാല്‍, വെളുപ്പിക്കാനുള്ള കള്ളപ്പണം കൈവശമുള്ളവരെ അറിയാമെന്ന് പറഞ്ഞ് തട്ടിപ്പിന് തുടക്കമിടും. 15 ശതമാനം കമ്മീഷൻ നല്‍കിയാല്‍ മതിയെന്നും, ഇടപാടില്‍ പാളിച്ചകളില്ലെന്നും പറഞ്ഞ് ഇവർ ഇരകളുടെ വിശ്വാസം നേടും.
സിനിമകളില്‍ ഉപയോഗിക്കുന്ന കറൻസിയുടെ മാതൃകയാണ് തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. വ്യാജ നോട്ടുകെട്ടുകള്‍ക്കിടയില്‍ കുറച്ച് യഥാർത്ഥ നോട്ടുകള്‍ വെച്ച് ഇടപാടുകാർക്ക് വിശ്വാസ്യത ഉറപ്പാക്കും.
തട്ടിയത് 15 ലക്ഷം രൂപ
സജിത്തും സംഘവും വലയിലാക്കിയ ഏറ്റവും പുതിയ ഇര മൂവാറ്റുപുഴ സ്വദേശിയാണ്. സജിത്തിന്റെ നിർദ്ദേശപ്രകാരം കമ്മീഷനായി 15 ലക്ഷം രൂപ ഇദ്ദേഹം കൈമാറി. എന്നാല്‍, തിരികെ നല്‍കിയത് 85 ലക്ഷം രൂപയുടെ വ്യാജ കറൻസികളാണ്. ചതി മനസ്സിലാക്കിയ മൂവാറ്റുപുഴ സ്വദേശി ഉടൻ തന്നെ പോലീസില്‍ പരാതി നല്‍കി.
മണിയും സജിത്തും ബന്ധപ്പെട്ട ഫോണ്‍ നമ്ബറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം വാഴൂർ സ്വദേശിയായ മണി ആദ്യം പിടിയിലായത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന സജിത്തിനെ മൂവാറ്റുപുഴ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തിരുവനന്തപുരം കവടിയാറില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.
നാഗമാണിക്യം, ഇരുതലമൂരി, ഇറിഡിയം തുടങ്ങിയ തട്ടിപ്പുകള്‍ നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സജിത്തെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇയാള്‍ക്കെതിരെ തിരുവനന്തപുരം, കൊല്ലം, തമിഴ്നാട് എന്നിവിടങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. തട്ടിപ്പിനിരയായ കൂടുതല്‍ ആളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

