യുഎസില്‍ ലൈംഗിക കുറ്റവാളിയെ ഇന്ത്യക്കാരന് കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് കുട്ടിയെ പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ടയാള്‍.
യുഎസില്‍ ലൈംഗിക കുറ്റവാളിയെ വാഷിങ്ടണ്‍: യുഎസില്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റവാളിയെ ഇന്ത്യന്‍ വംശജനായ യുവാവ് കുത്തിക്കൊന്നു. കാലിഫോര്‍ണിയയിലെ ഫ്രേമോണ്ടിലാണ് സംഭവം. കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഡേവിഡ് ബ്രിമ്മര്‍ എന്ന 71-കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇന്ത്യന്‍വംശജനായ വരുണ്‍ സുരേഷി(29)നെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട ഡേവിഡ് ബ്രിമ്മര്‍ 1995-ല്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിരുന്നു. ഒന്പതുവര്ഷമാണ് പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ തടവ് അനുഭവിച്ചത്. കൊല്ലപ്പെട്ട ഡേവിഡ് ബ്രിമ്മറും പ്രതിയായ വരുണ്‍ സുരേഷും തമ്മില്‍ നേരത്തേ ബന്ധമൊന്നും ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കാലിഫോര്‍ണിയയിലെ മേഗന്‍സ് ലോ ഡാറ്റാബേസില്‍നിന്നാണ് വരുണ്‍ സുരേഷ് ഡേവിഡ് ബ്രിമ്മറെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചതെന്നാണ് പോലീസ് നല്‍കുന്നവിവരം. ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരുടെ പേരുവിവരങ്ങളും മറ്റു വിശദാംശങ്ങളും ലഭ്യമാകുന്ന ഓണ്‍ലൈന്‍ രജിസ്ട്രിയാണ് മേഗന്‍സ് ലോ ഡാറ്റാബേസ്. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായാണ് ഇത് ലഭ്യമാക്കുന്നത്.
സംഭവദിവസം പബ്ലിക് അക്കൗണ്ടന്റ് എന്ന വ്യാജേനയാണ് പ്രതി ഡേവിഡ് ബ്രിമ്മറിന്റെ വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. വാതില്‍ തുറന്ന ഡേവിഡിനെ കണ്ടതോടെ താന്‍ തേടിയ ആള് ഇതുതന്നെയാണെന്ന് പ്രതി ഉറപ്പിച്ചു. തുടര്‍ന്ന് ഡേവിഡിന് ഹസ്തദാനം നല്കിയ ശേഷമാണ് പ്രതി കൈയിലുണ്ടായിരുന്ന കത്തികൊണ്ട് ആക്രമണത്തിന് മുതിര്‍ന്നത്.
എന്നാല്‍, ഡേവിഡ് ബ്രിമ്മര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ആദ്യം ഒരുവാഹനം തടഞ്ഞ് സഹായംതേടാന് ശ്രമിച്ചെങ്കിലും ഇത് ഫലംകണ്ടില്ല. ഇതോടെ ഡേവിഡ് ബ്രിമ്മര്‍ അയല്‍വീട്ടിലെ ഗ്യാരേജിലേക്കും തുടര്‍ന്ന് അവിടെയുള്ള അടുക്കളയിലേക്കും ഓടിരക്ഷപ്പെട്ടു. എന്നാല്‍, വരുണ്‍ സുരേഷ് ഇയാളെ പിന്തുടര്ന്നെത്തി കുത്തിവീഴ്ത്തുകയായിരുന്നു. നിങ്ങള്‍ പശ്ചാത്തപിക്കണമെന്ന് പറഞ്ഞാണ് പ്രതി ഇയാളെ കുത്തിയത്. ഡേവിഡ് ബ്രിമ്മര്‍ സഹായത്തിനായി നിലവിളിച്ചപ്പോള്‍ കഴുത്തറത്തെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വരുണ്‍ സുരേഷിന്റെ ഫോണില്‍നിന്ന് ഇയാള്‍ ഡേവിഡ് ബ്രിമ്മറെക്കുറിച്ച് ശേഖരിച്ച വിവരങ്ങളുടെ സ്ക്രീന്‍ഷോട്ടുകളും മറ്റുവിശദാംശങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഡേവിഡിന്റെ പ്രായം കണക്കിലെടുത്താണ് കുട്ടികളെ പീഡിപ്പിച്ച കുറ്റവാളികളില്‍നിന്ന് ഇയാളേത്തന്നെ തിരഞ്ഞെടുത്തതെന്നാണ് വരുണ്‍ സുരേഷിന്റെ മൊഴി. കൊല്ലുന്നത് ശരിക്കും രസകരമായിരുന്നുവെന്നും വരുണ്‍ സുരേഷ് പോലീസിനോട് പറഞ്ഞു.ഡേവിഡിനെ കൊലപ്പെടുത്തിയതില്‍ തനിക്ക് പശ്ചാത്താപമോ ദുഃഖമോ ഇല്ലെന്നായിരുന്നു അറസ്റ്റിന് ശേഷം വരുണ്‍ സുരേഷിന്റെ പ്രതികരണം. കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാന്‍ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നു. പോലീസ് വന്നില്ലെങ്കില്‍ താന്‍ തന്നെ പോലീസിനെ വിളിച്ചുവരുത്തുമായിരുന്നു. അയാള്‍ ഒരു പീഡോഫൈലാണെന്നും എല്ലാവരും പീഡൊഫൈലുകളെ വെറുക്കുന്നവരാണെന്നും ഇയാൾ പറഞ്ഞു.

