ഫലസ്തീൻ തടവുകാരെ വധശിക്ഷക്ക് വിധേയമാക്കാൻ ബിൽ അവതരിപ്പിച്ച് ഇസ്റാഈൽ
തെൽ അവിവ്: ഫലസ്തീൻ തടവുകാരെ വധശിക്ഷക്ക് വിധേയമാക്കാൻ അനുവദിക്കുന്ന ബിൽ ഇസ്രായേലി നെസെറ്റ് ഞായറാഴ്ച അംഗീകരിച്ചു. ‘ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതിനും തടവുകാർക്ക് വധശിക്ഷ നൽകുന്നതിനും ഈ നിയമം ഇപ്പോൾ ആവശ്യമാണ്.’ ഇസ്രായേലി ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ പറഞ്ഞു.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ബന്ദികൾക്കായുള്ള അദേഹത്തിന്റെ ദൂതൻ ഗാൽ ഹിർഷും സുരക്ഷാ മന്ത്രിസഭയിൽ മാത്രം ചർച്ചകൾ നടത്താൻ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ കമ്മിറ്റി സെഷനുമായി മുന്നോട്ട് പോയി. പ്രതിപക്ഷ നിയമസഭാംഗങ്ങൾ ഈ നീക്കത്തെ ‘നിയമവിരുദ്ധം’ എന്ന് അപലപിച്ചു. ബിൽ ഇപ്പോൾ ആദ്യ വായനക്കായി നെസെറ്റ് പ്ലീനത്തിലേക്ക് പോകും. എന്നിരുന്നാലും ഈ പ്രക്രിയയെക്കുറിച്ചുള്ള നിയമപരമായ തർക്കങ്ങൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
2022അവസാനത്തോടെ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയും ബെൻ-ഗ്വിറിന്റെ ഒട്സ്മ യെഹൂദിറ്റും ചേർന്ന് ഭരണ സഖ്യം രൂപീകരിക്കുന്നതിനായി ഒപ്പുവച്ച കരാറുകളുടെ ഭാഗമാണ് ഈ ബിൽ. 2023 മാർച്ചിൽ ബെൻ-ഗ്വിർ നിർദേശിച്ചതും നെതന്യാഹുവിന്റെ പിന്തുണയുള്ളതുമായ ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ അനുവദിക്കുന്ന ഒരു നിയമത്തിന്റെ പ്രാഥമിക വായനക്ക് നെസെറ്റ് അംഗീകാരം നൽകി.
×
അതേസമയം, ഗസ്സ വംശഹത്യ അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് – ബെഞ്ചമിൻ നെതന്യാഹു നിർണായക ചർച്ച ഇന്ന് വൈറ്റ് ഹൗസിൽ നടക്കും. യുദ്ധവിരാമം ലക്ഷ്യമിട്ട് അമേരിക്ക മുന്നോട്ടുവെച്ച 21 ഇന പദ്ധതി സംബന്ധിച്ചാകും പ്രധാന ചർച്ച. ഗസ്സയിൽ ഗവർണർ ജനറലായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറെ നിയമിക്കുന്നത് ഉൾപ്പെടെയുള്ളതാണ് പദ്ധതി.

