കെട്ടിടത്തിന് മുകളിൽ ആത്മഹത്യാശ്രമം; യുവാവിനെ അനുനയിപ്പിച്ചിറക്കി പൊലീസുകാർ
:കോഴിക്കോട് |
മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് നഗരത്തിലെ കെട്ടിടത്തിനു മുകളിൽ കുപ്പിച്ചില്ലുമായി കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി കേരള പൊലീസ്. തിങ്കളാഴ്ച രാവിലെയാണ് പൊലീസിന്റെ സമയോചിതമായ ഇടപെടൽ യുവാവിന്റെ ജീവൻ രക്ഷിച്ചത്.
തിങ്കളാഴ്ച രാവിലെ കോഴിക്കോട് ഭട്ട് റോഡ് ബീച്ച് ഭാഗത്ത് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന കൺട്രോൾ റൂം വാഹനത്തിന് അടുത്തേയ്ക്ക് ഒരാൾ ഓടിവന്ന് ഭട്ട് റോഡ് ബീച്ചിൽ അടിനടക്കുന്നതായി പറയുകയായിരുന്നു. ഉടനെ അവിടെയെത്തിയ പൊലീസുകാരെ കണ്ട് ഉടുമ്പ്ര സ്വദേശിയായ യുവാവ് ബീച്ചിലേയ്ക്ക് ഓടിപ്പോകുകയും തുടർന്ന് കുപ്പിച്ചില്ലുമായി മർച്ചന്റ് നേവി ക്ലബ്ബിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയുമായിരുന്നു.കടുത്ത മാനസിക സംഘർഷത്തിൽ നിൽക്കുകയായിരുന്ന യുവാവിനോട് മണിക്കൂറുകളോളം സംസാരിച്ച് അനുനയിപ്പിച്ചാണ് കൺട്രോൾ റൂം വാഹനത്തിലുണ്ടായിരുന്ന പൊലീസുകാർ കെട്ടിടത്തിൽ നിന്ന് താഴെയിറക്കിയത്. കെട്ടിടത്തിനു മുകളിൽനിന്നും താഴെയിറക്കിയ യുവാവിനെ ആശുപത്രിയിൽ കാണിച്ച ശേഷം ആവശ്യമായ കൗൺസിലിങ്ങും മറ്റും നൽകുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകി പറഞ്ഞയച്ചു. കൺട്രോൾ റൂം പൊലീസുകാരായ എസ്‌സിപിഒ ഗണേശൻ, സിപിഒമാരായ സജീഷ്, നവാസ് ഷെരീഫ് എന്നിവർ ചേർന്നാണ് യുവാവിനെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് കയറ്റിയത്.

