തോന്നിയപോലെ വാഹനമോടിച്ചാൽ പിടി വീഴും; ദേശീയപാത 66-ൽ വാഹനങ്ങൾ ഇനി ക്യാമറാ നിരീക്ഷണത്തിൽ

മലപ്പുറം :ദേശീയപാത 66-ൽ വാഹനങ്ങൾ ഇനി ക്യാമറാ നിരീക്ഷണത്തിൽ. മലപ്പുറം ജില്ലയിലൂടെ കടന്നുപോവുന്ന ഇടിമൂഴിയ്ക്കൽ മുതൽ കാപ്പിരിക്കാട് വരെയുള്ള റീചുകളിൽ 116 ക്യാമറകളാണ് മിഴി തുറന്നത്. അടുത്ത മാസത്തോടെ നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കിത്തുടങ്ങും. ആറുവരിയായി മാറിയ ദേശീയപാതയിൽ ഇനി തോന്നിയപോലെ വാഹനമോടിച്ചാൽ പിടി വീഴും.

ഇടിമൂഴിയ്ക്കല്‍ മുതല്‍ വളാഞ്ചേരി വരെയും വളാഞ്ചേരി മുതല്‍ കാപ്പിരിക്കാട് വരെയുമുള്ള രണ്ട് റീച്ചുകളിലായി 58 വീതം കാമറകളാണ് സ്ഥാപിച്ചത്. ഇതിൽ 60 കാമറകള്‍ക്ക് 360 ഡിഗ്രിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശേഷിയുണ്ട്. ഓരോ കിലോമീറ്ററിലും ക്യാമറകളുണ്ടാകും. ജംഗ്ഷനുകളിലും എന്‍ട്രി, എക്സിറ്റ് പോയിന്റുകളിലും പ്രത്യേക കാമറകളുണ്ട്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ദൃശ്യങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന് കൈമാറും.

https://youtube.com/shorts/KlCq5qTCxeM?si=6VeEZrGbqQaV933b
അമിതവേഗം, വാഹനം മൂന്ന് മിനിറ്റില്‍ കൂടുതല്‍ നിര്‍ത്തിയിടല്‍, ട്രാക്ക് തെറ്റി ഓടിയ്ക്കല്‍, സീറ്റ്ബെല്‍റ്റ് ധരിക്കാതിരിക്കല്‍ എന്നിവയെല്ലാം റിപ്പോർട്ട് ചെയ്യും. പരമാവധി വേഗത മണിയ്ക്കൂറിൽ 80 കിലോമീറ്ററാണ്. ഇത് രേഖപ്പെടുത്തിയ ഡിജിറ്റല്‍ ഡിസ്‌പ്ലേകളും സ്ഥാപിച്ചു. കാൽനടയാത്രക്കാർ, ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ, ട്രാക്ടര്‍ എന്നിവയ്ക്ക് ആറുവരിപ്പാതയിലേക്ക് പ്രവേശനമില്ല. ടോള്‍ പിരിവ് ആരംഭിയ്ക്കുന്നതോടെ നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തി തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *