പശ്ചിമബംഗാൾ സ്വദേശി ഭാര്യയെ കൊന്ന് കുഴിച്ചുമൂടി.
കോട്ടയം: പശ്ചിമബംഗാൾ സ്വദേശി ഭാര്യയെ കൊന്ന് കുഴിച്ചുമൂടി
അയർക്കുന്നത്താണ് ദൃശ്യം മോഡൽ കൊലപാതകം നടന്നത്.
ഭാര്യയെ കൊന്ന് ജോലി ചെയ്യുന്ന വീടിന്റെ പരിസരത്താണ് കുഴിച്ചുമൂടിയത്. പശ്ചിമബംഗാൾ സ്വദേശി അൽപ്പാനയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം ഭാര്യ അൽപ്പാനയെ കാണാനില്ലെന്ന് പറഞ്ഞ് സോണി അയർക്കുന്നം സ്‌റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. പരാതി നൽകിയ ശേഷം ഇയാൾ നാട്ടിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ എറണാകുളം റെയിൽവെ സ്‌റ്റേഷനിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചു.
അയർക്കുന്നം ഇളപ്പാനിയിൽ നിർമാണം നടക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി. സംശയത്തെതുടർന്നാണ് കൊലപാതകമെന്നാണ് പ്രതി നൽകിയ മൊഴി. കാണാനില്ലെന്ന് പരാതി നൽകിയ ശേഷം ഇവരുടെ രണ്ട് കുട്ടികളെയും കൂട്ടി നാട്ടിലേക്ക് പോകാനായിരുന്നു പ്രതിയുടെ ശ്രമം. ഇതിനിടയിലാണ് പിടിയിലാകുന്നത്.
നിർമാണ തൊഴിലാളിയായ സോണി ഭാര്യയ്‌ക്കൊപ്പം അയർക്കുന്നത്തായിരുന്നു താമസം. ഇയാൾ നിലവിൽ ജോലി ചെയ്യുന്ന വീടിനു സമീപത്താണ് മൃതദേഹം കുഴിച്ചിട്ടത്. ഈ വീടിന്റെ മുറ്റം ലെവൽ ചെയ്യാനാണ് വീട്ടുകാർ സോണിയെ വിളിച്ചത്.

