ശബരിമല, ബീഫ് പൊറാട്ട വിവാദ പരാമർശംആവർത്തിച്ച് എൻ.കെ പ്രേമചന്ദ്രൻ എംപി.

പത്തനംതിട്ട: പൊറോട്ടയും ബീഫും നൽകി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിൽ എത്തിച്ചത് പിണറായി സർക്കാരാണെന്ന വിവാ​ദ പരാമർശം ആവർത്തിച്ച് എൻ.കെ പ്രേമചന്ദ്രൻ എംപി.ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയത് മുഖ്യമന്ത്രിയാണെന്നും എംപി പറഞ്ഞു.
‘കേരളത്തിലെ ലക്ഷക്കണക്കിന് വിശ്വാസികളുടെ മനസ്സിൽ മുറിവേൽപ്പിച്ച സംഭവമായിരുന്നു പൊലീസിന്റെ ആശീർവാദത്തോടെ സ്ത്രീകളെ ശബരിമലയിൽ കയറ്റിയ നീക്കം. വിശ്വാസത്തെ വ്രണപ്പെടുത്തുന്ന നീക്കമായിരുന്നു എന്നതിൽ ഒരു സംശയവുമില്ല. അതേ പിണറായി സർക്കാരാണ് 2025ൽ ആ​ഗോള അയ്യപ്പ സം​ഗമം നടത്തിയത് എന്നത് വലിയ വിരോധാഭാസമാണ്.’ പ്രേമചന്ദ്രൻ പറഞ്ഞു.
‘പൊലീസ് അകമ്പടിയോടെയാണ് രഹ്ന മലയിലേക്കെത്തിയത്. കോട്ടയത്ത് പൊലീസ് ക്ലബ്ബിൽ വച്ച് പൊറോട്ടയും ബീഫും ഇവർക്ക് വാങ്ങി നൽകിയെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ നേരത്തെ പറയുകയും ചെയ്തതാണ്. കോൺ​ഗ്രസ് നേതാക്കളും ഇതേ വിഷയം ആവർത്തിച്ചെങ്കിലും തനിക്ക് നേരെ മാത്രമാണ് വലിയ സൈബർ ആക്രമണങ്ങൾ നേരിടേണ്ടിവന്നത്.’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കെതിരെ നടക്കുന്ന സിപിഎം സൈബർ സംഘത്തിന്റെ വർഗീയ ആക്രമണങ്ങളെ മുഖവിലക്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയ എംപി‌, ആ​ഗോള അയ്യപ്പസം​ഗമത്തിലെ കണക്ക് പ്രസിദ്ധീകരിക്കാൻ സർക്കാരിന് ധൈര്യമുണ്ടോയെന്നും ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *