മധ്യപ്രദേശില്‍ ദളിത് യുവാവിനെ മര്‍ദിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ ദളിത് യുവാവിനെ മര്‍ദിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്. ദാതവാലി ഗ്രാമത്തിലെ സോനു ബറുവയാണ് കേസിലെ പ്രധാന പ്രതി. ഇയാളുടെ ഡ്രൈവറായിരുന്നു മര്‍ദനത്തിനിരയായ യുവാവ്. സോനുവിന് പുറമെ അലോക് ശര്‍മ, ഛോട്ടു ഓജ എന്നിവരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്.
പ്രതികള്‍ ഗ്വാളിയോറില്‍ നിന്ന് യുവാവിനെ ഭിന്ദിലേക്ക് തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് സഞ്ജീവ് പതക് പറഞ്ഞു. യുവാവ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണെന്നും എസ്.പി അറിയിച്ചു.
സംഭവത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരവും, തട്ടിക്കൊണ്ടുപോകല്‍, മര്‍ദനം, മനുഷ്യത്വരഹിതമായ പെരുമാറ്റം എന്നീ ബി.എന്‍.എസ് വകുപ്പുകള്‍ അനുസരിച്ചും കേസെടുത്തതായും എസ്.പി സഞ്ജീവ് പതക് മാധ്യമങ്ങളോട് പ്രതികരിച്ചു.
അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. സമീപ കാലത്ത് 25കാരനായ ഗ്യാന്‍ സിങ് ജാതവ് തന്റെ ഡ്രൈവര്‍ ജോലി ഉപേക്ഷിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സോനുവും സംഘവും യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്.
അകുത്പുര ഗ്രാമത്തില്‍ വെച്ചാണ് യുവാവ് ക്രൂരമര്‍ദനത്തിന് ഇരയായത്. തന്റെ കാലുകള്‍ ഇരുമ്പ് ചങ്ങല കൊണ്ട് ബന്ദിച്ച ശേഷം പ്രതികള്‍ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന മൂത്രം കുടിപ്പിച്ചുവെന്നുമാണ് യുവാവിന്റെ മൊഴി.

