ആഡംമ്പര കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച അമ്മയും മക്കളുമടക്കം 4 പേർ പിടിയിൽ.
കുമളി : കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി കടത്താൻ ശ്രമിച്ച 46.5 കിലോഗ്രാം കഞ്ചാവുമായി അമ്മയും രണ്ടു മക്കളും ഉൾപ്പെടെ നാല് പേരെ കമ്പം പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശ് സ്വദേശികളായ രാജേഷ് കണ്ണൻ, ബില്ലി രാമലക്ഷ്മി, ഇവരുടെ മകന് ദുർഗ്ഗ പ്രകാശ്, പ്രായപൂർത്തിയാകാത്ത മറ്റൊരു മകൻ എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച വൈകുന്നേരം കുമളിക്ക് സമീപം തമിഴ്നാട് പോലീസാണ് ഇവരെ തടഞ്ഞത്. ഒരേ കുടുംബത്തിലുള്ളവർ ആഡംബര കാറിൽ യാത്ര ചെയ്യുന്നതിനാൽ സംശയം തോന്നില്ലെന്ന് കരുതിയാണ് പ്രതികൾ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത കഞ്ചാവിന് അഞ്ച് ലക്ഷത്തിലധികം രൂപ വിലമതിക്കുമെന്ന് പോലീസ് അറിയിച്ചു.
ആന്ധ്രാപ്രദേശിൽ നിന്നും ആഡംബര കാറിൽ കേരളത്തിലേക്ക് വന്ന ഇവരുടെ വാഹനത്തിൽ പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ട്രാവൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ വൻതോതിലുള്ള കഞ്ചാവ് കണ്ടെത്തിയത്. അവധിക്കാലം ആഘോഷിക്കാനാണ് വന്നതെങ്കിലും, കേരളത്തിലേക്ക് കഞ്ചാവ് കടത്തി വിൽക്കാനായിരുന്നു ഇവരുടെ യഥാർത്ഥ പദ്ധതിയെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പോലീസിന് മൊഴി നൽകി. ഇവരുടെ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

