നെല്ലിയാമ്പതിയിൽ നട്ടുച്ചയ്ക്കുപോലും കോടമഞ്ഞിറങ്ങും. , താമസിക്കാൻ ബ്രീട്ടീഷ് ബംഗ്ലാവ് മുതൽ മുളവീട് വരെ; ട്രക്കിംഗും കാഴ്ചകളും വേറെ ലെവൽ.
നെല്ലിയാമ്പതിയിൽ കോടമഞ്ഞിന്റെ വൈബ്, താമസിക്കാൻ ബ്രീട്ടീഷ് ബംഗ്ലാവ്
നെല്ലിയാമ്പതി ഇപ്പോൾ കൂടുതൽ മനോഹരിയായിരിക്കുകയാണ്. പോത്തുണ്ടി അണക്കെട്ടും, പച്ചപ്പുംകണ്ട് ചുരം കയറിയെത്തിയാൽ വൈബ് വേറെയാണ് നെല്ലിയാമ്പതിയിൽ. നട്ടുച്ചയ്ക്കുപോലും കോടമഞ്ഞിറങ്ങും വനംവകുപ്പിന്റെ കൊല്ലങ്കോട് റേഞ്ചിലെ കാരാശൂരി, മാട്ടുമല, മിന്നാംപാറ തുടങ്ങിയ ഭാഗങ്ങളിലേക്ക് കാട്ടിനകത്തുകൂടെയുള്ള ജീപ്പ് സഫാരിയും, നെല്ലിയാമ്പതി റേഞ്ചിലെ കേശവൻപാറയിലേക്ക് നടന്നുള്ള ട്രക്കിങ്ങും നടത്താനാവും.
പുലയമ്പാറ, കേശവൻപാറ, നൂറടി എന്നിവിടങ്ങളിൽ സ്വകാര്യ ജീപ്പുകളിലാണ് സവാരി. മൺപാതകളിലൂടെയും, പാറക്കെട്ടുകളിലൂടെയും കയറിയിറങ്ങി യാത്ര ചെയ്യുമ്പോൾ ഇതൊക്കെ എവിടേയോ കണ്ടിട്ടുണ്ടെന്ന തോന്നലുണ്ടാവും. വെറും തോന്നലല്ല, മിന്നാംപാറ, നാട്ടുമല, കാരാശൂരി എന്നിവിടങ്ങളെല്ലാം മോഹൻലാൽ ചിത്രമായ ഭ്രമരം ഉൾപ്പെടെയുള്ളവയിൽ വാതിൽപ്പുറക്കാഴ്ചകളായി.
*ആന, കാട്ടുപോത്ത്, മാൻ തുടങ്ങിയ ജീവികളെ കാണാം*
ഈ യാത്രയിൽ ഭാഗ്യമുണ്ടെങ്കിൽ ആന, കാട്ടുപോത്ത്, മാൻ തുടങ്ങിയ വന്യമൃഗങ്ങളെയും തൊട്ടരികിൽ കാണാൻ കഴിയും.
*_രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെയാണ് ഇവിടേക്കുള്ള പ്രവേശന സമയം_.* കേശവൻപാറയിൽനിന്ന് കാട്ടിനകത്തുകൂടെ ഒരു കിലോമീറ്റർ നടന്നാൽ കേശവൻപാറ വ്യൂപോയിന്റിലേക്ക് എത്താം.
ഈ വ്യൂപോയിന്റിൽനിന്നും നെല്ലിയാമ്പതി മലനിരകളിൽ നിന്നുള്ള ചുരം പാതയുടെയും, പോത്തുണ്ടി അണക്കെട്ടിന്റെയും കാഴ്ചകളും തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ തൃശ്ശൂർ ദേശീയപാതിലെ കുതിരാൻ മലവരെയും കാണാൻ കഴിയും.
കാഴ്ചകളേറെയുണ്ട് നെല്ലിയാമ്പതിയിൽ
സീതാർകുണ്ട്, പലകപ്പാണ്ടി, മാമ്പാറ, മിന്നാംപാറ, പുല്ലുകാട്, ഗവ. ഓറഞ്ച് ഫാം, കേശവൻപാറ, നൂറടി, പാടഗിരി, ലില്ലി, വിക്ടോറിയ, കാരപ്പാറ തൂക്കുപാലം, തേയില-കാപ്പിത്തോട്ടങ്ങൾ എന്നീ സ്ഥലങ്ങളും സഞ്ചാരികളുടെ ഇഷ്ടയിടമാണ്. അവധി ദിവസങ്ങളിലും ആഘോഷദിവസങ്ങളിലും പോത്തുണ്ടി ചെക്പോസ്റ്റിലൂടെ 5,000-ലധികം പേരാണ് ദിവസവും നെല്ലിയാമ്പതിയിലേക്ക് എത്തുന്നത്.

താമസിക്കാൻ ബ്രീട്ടീഷ് ബംഗ്ലാവ് മുതൽ മുളവീട് വരെ
നെല്ലിയാമ്പതിയുടെ രാത്രിവൈബ് ആസ്വദിക്കേണ്ടവർക്ക് താമസിക്കാൻ പഴയ ബ്രീട്ടിഷ് ബംഗ്ലാവ് മുതൽ മുളവീട് വരെയുണ്ട്. കൂടാതെ വനംവികസന കോർപറേഷന്റെ പകുതിപ്പാലം റിസോർട്ടിലും സഞ്ചാരികൾക്ക് മുൻകൂട്ടി ബുക്ക് ചെയ്ത് താമസിക്കാൻ കഴിയും.
11 റിസോർട്ടുകളാണ് കാട്ടിനകത്തായുള്ളത്. മറ്റുള്ളവ നെല്ലിയാമ്പതിയിലെ പ്രധാന കവലകളിനോട് ചേർന്നാണുള്ളത്. ഡോർമെട്രിയുൾപ്പെടെ ചെറുതും വലുതുമായി 25 ലധികം താമസകേന്ദ്രങ്ങളുമുണ്ട്.

