ഫ്രഷ് കട്ട് സംഘർഷം അട്ടിമറിയെന്ന് സംശയം; പിടിയിലായ ഒരാൾ അപരിചിതനെന്ന് സമര സമിതി
താമരശ്ശേരി: അമ്പായത്തോട് ഫ്രഷ് കട്ട് കോഴി അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരത്തെ ചൊല്ലിയുള്ള വിവാദം കനക്കുന്നു. അക്രമത്തിനു പിന്നിൽ അട്ടിമറിയുണ്ടെന്നാണ് സംശയം. എടപ്പാളിൽ നിന്ന് പൊലീസ് പിടിയിലായ മഞ്ചേരി സ്വദേശി സൈഫുള്ള തങ്ങളുടെ പ്രവർത്തകനല്ലെന്നും അട്ടിമറി നടന്നിട്ടുണ്ടെന്നും സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ ആരോപിച്ചു.

സെെഫുള്ള സമരക്കാർക്കിടയിലെത്തിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരത്തിൽ അക്രമികൾ നുഴഞ്ഞു കയറിയെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. എസ്.ഡി.പി.ഐ ക്രിമിനലുകളാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എമ്മും ഡി.വെെ.എഫ്.ഐയാണെന്ന് എസ്.ഡി.പി.ഐയും ആരോപിച്ചു. സമരം പൊളിക്കാൻ ഫ്രഷ് കട്ട് മാനേജ്മെന്റാണ് അക്രമം നടത്തിയതെന്ന് സമരസമിതിയും ആരോപിച്ചു. മാനേജ്മെന്റിന് അറിയുന്നയാളാകാം സെെഫുള്ള. ഇതേപ്പറ്റി അന്വേഷിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. അതിനിടെ സമരത്തിൽ പങ്കെടുത്ത താമരശ്ശേരി വാവാട് സ്വദേശി ഷഫീക്കിനെ ഇന്നലെ പൊലീസ് പിടികൂടി. താമരശ്ശേരി ടൗണിൽ കാർ തടഞ്ഞായിരുന്നു അറസ്റ്റ്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.
കേസിലെ പ്രതികളെ പിടികൂടാൻ വീടുകളിൽ രാത്രിയും റെയ്ഡ് തുടർന്ന് പൊലീസ്. ഇതിനെതിരെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. വീടുകളിലെത്തി പുരുഷന്മാരെ സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുന്ന ദൃശങ്ങളും പുറത്തായി. രാത്രി പരിശോധന നടത്തുന്നത് ചോദ്യം ചെയ്ത സ്ത്രീകളെ രാത്രി പന്ത്രണ്ട് മണിക്കോ രണ്ട് മണിക്കോ ഒക്കെ വരുമെന്ന് പൊലീസ് പറയുന്ന ദൃശ്യമാണ് പുറത്തായത്. പകൽ വന്നോളൂ, രാത്രി ശല്യപ്പെടുത്തരുതെന്ന് സ്ത്രീകൾ പറയുന്നതും ദൃശ്യത്തിലുണ്ട്.
സമരത്തിന് പിന്തുണയുമായി കൂടത്തായി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ രംഗത്തെത്തി. കൂടത്തായി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ നൂറുകണക്കിന് കുട്ടികളുടെ ആരോഗ്യത്തെയും ഉറക്കത്തെയും സ്ഥാപനത്തിന്റെ പ്രവർത്തനം ബാധിച്ചുവെന്ന് സ്കൂളധികൃതർ പറഞ്ഞു. സ്കൂൾ പരിസരത്തു കൂടി ഒഴുകുന്ന ഇരുതുള്ളി പുഴ മലിനപ്പെടുകയും ചെയ്യുന്നു. രണ്ടായിരത്തോളം കുട്ടികൾ ഒപ്പിട്ട ഭീമ ഹർജി കളക്ടർക്ക് നൽകി.
‘ഫ്രഷ്കട്ടിനെതിരായ കരിമ്പാലകുന്നിലെ ജനങ്ങളുടെ സമരം ഏറ്റവും പ്രാധാന്യമുള്ളതും ന്യായവുമാണ്. അസഹ്യമായ ദുർഗന്ധത്തിനെതിരെയാണ് സമരം. ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കിയവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണം’-ലിന്റോ ജോസഫ് എം.എൽ.എ പറഞ്ഞു.
ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് പ്രതിനിധി സംഘം കമ്പനിയും പ്രദേശവാസികളെയും സന്ദർശിച്ചു. സമരത്തിന്റെ പേരിൽ സി.പി.എമ്മും പൊലീസും നടത്തുന്ന നരനായാട്ട് അവസാനിപ്പിച്ചില്ലെങ്കിൽ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ പറഞ്ഞു. അധികാരത്തിന്റെ ഹുങ്കിൽ കുത്തക മുതലാളിമാരെ സംരക്ഷിക്കുന്ന സി.പി.എം നയം തിരുത്തണം. ഫാക്ടറി പൂട്ടി പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. യു.ഡി.എഫ് ജില്ല ചെയർമാൻ കെ. ബാലനാരായണൻ, ലീഗ് ജില്ല പ്രസിഡന്റ് എം.എ. റസാക്ക്, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.ജയന്ത്, യു.ഡി.എഫ് കൺവീനർ അഹമ്മദ് പുന്നക്കൽ, നാസർ എസ്റ്റേറ്റ്മുക്ക്, ടി.ടി. ഇസ്മയിൽ തുടങ്ങിയവരുമുണ്ടായിരുന്നു.

