വീട്ടുമുറ്റത്ത് കാറിനു തീപിടിച്ച് പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

തേഞ്ഞിപ്പലം: വീട്ടുമുറ്റത്ത് കാറിനു തീപിടിച്ച് പൊള്ളലേറ്റ് ചികില്‍സയിലായിരുന് ചേളാരി സ്വദേശി മരിച്ചു. ചേളാരി ചെനക്കല്‍ പൊറോളി അബ്ദുള്ള-സുബൈദ ദമ്പതികളുടെ മകന്‍ ആദില്‍ ആരിഫ് ഖാന്‍(29)ആണ് മരണപ്പെട്ടത്
കഴിഞ്ഞ 20ാം തിയതി തിങ്കളാഴ്ചയാണ് അപകടം. വീട്ടില്‍ നിന്ന് പുറത്തു പോയി തിരിച്ചു വീട്ടു മുറ്റത്തേക്കുവന്ന കാര്‍ വീടിന്റെ ഗേറ്റിലെത്തിയപ്പോള്‍ പൊടുന്നനെ ഓഫായിരുന്നു. വീണ്ടും സ്റ്റാര്‍ട്ടാക്കി മുന്നോട്ടെടുത്തതിനു പിന്നാലെയാണ് കാര്‍ കത്തിയത്. കാറില്‍ അകപ്പെട്ട ഇയാള്‍ വാതില്‍ തുറന്ന് പുറത്തുകടന്നു. ഉടന്‍ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കി. തുടര്‍ന്ന് കഴിഞ്ഞ ദിവസം വിദഗ്ധ ചികില്‍സയ്ക്കായി ഡല്‍ഹിയിലെ എയിംസിലേക്ക് കൊണ്ടു പോയിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. രണ്ടുവര്‍ഷം മാത്രം പഴക്കമുള്ള 16 ലക്ഷത്തിലേറെ വിലയുള്ള കാറാണിത്.
ദുബായില്‍ ബിസിനസ് നടത്തുന്ന ആദില്‍ ഒന്നരമാസം മുന്‍പാണ് നാട്ടിലെത്തിയത്. വൈകാതെ ദുബായിലേക്ക് മടങ്ങാനിരുന്നതാണ്. വിമാനമാര്‍ഗം കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിലെത്തുന്ന മൃതദേഹം ഇന്ന് രാത്രിയോടെ ചേളാരി ചെനക്കല്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും. ഭാര്യ: സെല്‍ഹ. രണ്ടു മാസം പ്രായമായഒരുകുഞ്ഞുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *