ദിനംപ്രതി ആത്മഹത്യചെയ്യുന്ന പോലീസുകാരുടെ കൂട്ടത്തിലേക്ക് ഒരാള്‍കൂടി വരുമെന്നു മാത്രം. എസ്. ഐ. ശ്രീജിത്.
കോഴിക്കോട് :
മലപ്പുറം ക്യാമ്പ് ഓഫീസിലെ മരം മുറിയുമായി ബന്ധപ്പെട്ട് എസ്.പി. സുജിത് ദാസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സസ്പെൻഷനിലായി അവസാനം രാജിവെച്ച എസ്. ഐ. എൻ ശ്രീജിത് നൽകിയ കത്തിൽകൂടുതൽ വിവരങ്ങൾ മാതൃഭൂമി യോട് പങ്കുവെച്ചു.
വിമാനത്താവളത്തില്‍നിന്ന് പോലീസ് പിടികൂടിയ സ്വര്‍ണം, പോലീസ് തന്നെ കവര്‍ന്നെന്ന ഗുരുതര ആരോപണവുമാണ് ഇപ്പോൾ ഉന്നയിച്ചത്. . രണ്ടുവര്‍ഷമായി സസ്പെന്‍ഷനിലുള്ള ശ്രീജിത്ത്, ജോലി ഉപേക്ഷിക്കുകയാണെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് കത്തുനല്‍കിയിരുന്നു.
കസ്റ്റംസ് ആക്ട് ലംഘിച്ച് കരിപ്പൂരില്‍ പോലീസ് സ്വര്‍ണം പിടിക്കുമ്പോള്‍ നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. കസ്റ്റഡിയിലെടുക്കുന്നവരെ സ്കാനിങ് നടത്തി ശരീരത്തില്‍ സ്വര്‍ണമുണ്ടെന്ന് കണ്ടെത്തിയശേഷം സ്വര്‍ണം പുറത്തെടുക്കുന്നു. ഈ സ്വര്‍ണം അപ്രൈസറിന് മുന്നില്‍ എത്തിക്കുമ്പോള്‍ പിടിക്കുന്നയാളെ കൊണ്ടുപോകാറില്ല. ഈ സമയത്ത് സ്വര്‍ണത്തിന്റെ തൂക്കം കുറച്ചുകാണിക്കുകയാണെന്ന് സംശയമുണ്ട്-കൊല്ലം പവിത്രേശ്വരത്ത് െവച്ച് ശ്രീജിത്ത് ‘മാതൃഭൂമി’യോട് പറഞ്ഞു.
സ്വര്‍ണം പിടിച്ച 152 കേസുകളുണ്ട്. ഒരെണ്ണത്തില്‍പ്പോലും രണ്ടാമതൊരാളെ പ്രതിചേര്‍ത്തിട്ടില്ല. നിയമമനുസരിച്ച് സ്വര്‍ണം കടത്തുന്നെന്ന രഹസ്യവിവരം കിട്ടിയാല്‍ കസ്റ്റംസിന് കൈമാറുകയാണ് വേണ്ടത്. ഇത് പാലിച്ചിട്ടില്ല.
സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമില്ല
താന്‍ പുണ്യാളന് ആണെന്ന് ആരോടും ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍ 2023 ഡിസംബര്‍ 23-ന് തന്നെ സസ്പെന്‍ഡ് ചെയ്യുമ്പോള്‍ ആരോപിച്ച, സ്വര്‍ണക്കടത്ത് ബന്ധം തനിക്കില്ലെന്ന് ശ്രീജിത്ത് പറഞ്ഞു. ഒരു പൊതുപ്രവര്‍ത്തകനുമായി ബന്ധപ്പെടുത്തിയാണ് ഈ ആരോപണമുന്നയിച്ചത്. ഈ പൊതുപ്രവര്ത്തകന്റെപേരില് ഒരു സ്വര്‍ണക്കടത്ത് കേസ് പോലുമില്ല. താനൂര്‍ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളും വീഡിയോകളും പൊതുപ്രവര്‍ത്തകന്റെ ഫോണിലേക്ക് അയച്ചതും മരംമുറി സംബന്ധിച്ച് പലരോടും വിവരങ്ങള്‍ ആരാഞ്ഞതുമാണ് സസ്പെന്‍ഷനിലേക്ക് നയിച്ച കാരണം.
അഞ്ച് സര്‍ക്കാര്‍ ജോലി ലഭിച്ചു; ആനുകൂല്യങ്ങളൊന്നും വേണ്ടാ
- കൊല്ലം കടയ്ക്കല്‍ സ്വദേശിയായ ശ്രീജിത്തിന് അഞ്ച് സര്‍ക്കാര്‍ ജോലികള്‍ ലഭിച്ചിട്ടുണ്ട്. ആദ്യം കെഎസ്ആര്‍ടിസി കണ്ടക്ടര്‍. പിന്നീട് റവന്യൂവകുപ്പില്‍ ക്ലാര്‍ക്ക്, ജയില്‍ വാര്ഡന്, എക്സൈസ് ഇന്‍സ്പെക്ടര്‍, എസ്ഐ എന്നിവയാണവ. ഈ ജോലികള്‍ വഴി തനിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഒന്നും ആവശ്യമില്ലെന്നാണ് ജോലി ഉപേക്ഷിക്കുന്നതായി കാട്ടി നല്കിയ കത്തില്‍ ശ്രീജിത്ത് പറയുന്നത്.
‘ആറും മൂന്നും വയസ്സുള്ള രണ്ടു കുട്ടികളെയും വൃദ്ധരായ മാതാപിതാക്കളെയുംസംരക്ഷിക്കുന്നതിനായി 2023 ഡിസംബര്‍ 23 മുതല്‍ 2025 സെപ്റ്റംബര്‍ 30 വരെയുള്ള ഉപജീവനബത്ത കൈപ്പറ്റിയിട്ടുണ്ട്. 2025 ഒക്ടോബര്‍ മാസത്തെ ഉപജീവന ബത്തയ്ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുമുണ്ട്. അധികാരത്തിന്റെ സ്വാധീനവും സംവിധാനങ്ങളും സൗകര്യങ്ങളും ഉപയോഗിച്ച് സേനയിലെ ഒരു വിഭാഗം ഔദ്യോഗികവും അനൗദ്യോഗികവും ആയ എല്ലാ കുറ്റകൃത്യങ്ങളില്‍നിന്നും രക്ഷപ്പെടുകയും വേണ്ടപ്പെട്ടവരെ രക്ഷിക്കുകയും ചെയ്യുന്നു.
പോലീസിലെ അധികാരവര്‍ഗത്തോട് സമരംചെയ്യാന്‍ കൈയിലുള്ള ആയുധങ്ങളും ശാരീരികശേഷിയും സാമ്പത്തികസ്ഥിതിയും പോരാതെവരുന്നുണ്ടെന്ന് തിരിച്ചറിയുന്നു. ഈ തിരിച്ചറിവിനെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോയാല്‍, ദിനംപ്രതി ആത്മഹത്യചെയ്യുന്ന പോലീസുകാരുടെ കൂട്ടത്തിലേക്ക് ഒരാള്‍കൂടി വരുമെന്നു മാത്രം’ശ്രീജിത്ത് കത്തില്‍ പറയുന്നു.

