ബീഹാര്‍ വോട്ടെടുപ്പ് രണ്ടാം ഘട്ടം ഇന്ന്; ചെങ്കോട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കനത്തസുരക്ഷ.
പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം വോട്ടെടുപ്പ് ഇന്ന്. ദല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്തുടനീളം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചെന്ന് ബീഹാര്‍ ഡി.ജി.പി വിനയ് കുമാര്‍ അറിയിച്ചു. ദേശവിരുദ്ധശക്തികളുടെ നീക്കങ്ങള്‍ തടയുന്നതിന് പ്രാദേശികമായി കനത്ത പെട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്
സൂക്ഷ്മ നിരീക്ഷണവും ജാഗ്രതയും പാലിക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് ബീഹാര്‍ പൊലീസ് നിര്‍ദേശം നല്‍കി.
ദല്‍ഹിയിലെ ഭീകരകൃത്യത്തിന് പിന്നിലുള്ളവരെ ഉടന്‍ കണ്ടെത്തണം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി
122 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ആകെ 1302 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. 17.4 ദശലക്ഷം സ്ത്രീ വോട്ടര്‍മാരുള്‍പ്പെടെ 37 ദശലക്ഷം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. 45,399 പോളിങ് ബൂത്തുകളിലായാണ് വോട്ടെടുപ്പ്.
ബീഹാര്‍ വൈദ്യുതി മന്ത്രി ബിജേന്ദ്ര പ്രസാദ് യാദവ് (സുപോള്‍), വ്യവസായ മന്ത്രി നിതീഷ് മിശ്ര (ജന്‍ജാര്‍പൂര്‍), മത്സ്യബന്ധന വിഭവ മന്ത്രി രേണു ദേവി (ബെട്ടിയ) തുടങ്ങിയ പ്രമുഖരും ഇന്ന് ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് വരെയാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിപക്ഷനേതാവ് നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം അവസാന ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി കനത്ത പ്രചരണമാണ് നടത്തിയത്.അതേസമയം, തിങ്കളാഴ്ച വൈകുന്നേരമാണ് ദല്‍ഹിയിലെ കനത്ത സുരക്ഷാ പ്രദേശമായ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഒമ്പതുപേര്‍ മരിച്ചു. ഇരുപത് പേര്‍ക്ക് പരിക്ക്. ഹ്യുണ്ടായ് ഐ20 കാര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. വൈകുന്നേരം 6.52ന് ചെങ്കോട്ട മെട്രോ സ്‌റ്റേഷന്റെ ഗേറ്റ് നമ്പര്‍ വണ്ണിന് സമീപത്തുവെച്ചായിരുന്നു പൊട്ടിത്തെറി.ചെങ്കോട്ടയില്‍ ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയ കാര്‍ പതിയെ നീങ്ങുമ്പോഴായിരുന്നു സ്‌ഫോടനം ഉണ്ടായത്. കാറില്‍ യാത്രക്കാരുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ സമീപത്തെ കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചുവെന്ന് ദല്‍ഹി പൊലീസ് കമ്മീഷണര്‍ സതീശ് ഗോള്‍ച്ച പറഞ്ഞു.സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.

