ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു അറസ്റ്റിൽ
പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം മുൻ കമ്മീഷണർ എന്‍. വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തു. കേസിൽ മൂന്നാം പ്രതിയാണ് വാസു. കമ്മീഷണറായിരുന്ന കാലയളവിൽ ശബരിമല സന്നിധാനത്തെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. സ്വർണം പൂശലുമായി ബന്ധപ്പെട്ട് സ്‌പോണ്‍സറുടെ കൈവശം ബാക്കി സ്വർണം ഉണ്ടെന്നറിഞ്ഞിട്ടും വാസു നടപടിയെടുത്തില്ലെന്നാണ് ആരോപണം.
ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്ന 2019-ല്‍ എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്നു. കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ കമ്മിഷണറായിരുന്ന വാസു 2019 മാർച്ച് 19-ന് നിർദേശം നൽകിയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വാസുവിനെ കേസിൽ മൂന്നാം പ്രതിയാക്കിയത്. മാർച്ച് 31-ന് കമ്മിഷണർസ്ഥാനത്തുനിന്ന് വാസു മാറിയിരുന്നു. പിന്നീട് എ. പത്മകുമാറിന് പിന്നാലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി.
എന്‍. വാസു പ്രസിഡന്റായിരിക്കെയാണ് സ്വര്‍ണംപൂശല്‍ കഴിഞ്ഞശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിവാദ ഇ-മെയില്‍ സന്ദേശം ലഭിച്ചത്. സ്വര്‍ണം പൂശല്‍ കഴിഞ്ഞശേഷവും സ്വര്‍ണം ബാക്കിയുണ്ടെന്നും ഇത് ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ചെലവഴിക്കട്ടേയെന്നും ചോദിച്ചായിരുന്നു പോറ്റിയുടെ ഇ-മെയില്‍ സന്ദേശം. എന്നാല്‍, ഇതുസംബന്ധിച്ച് വാസു നല്‍കിയ വിശദീകരണം തൃപ്തികരമായിരുന്നില്ല. ഇമെയില്‍ സന്ദേശം താന്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്‌തെന്നും പിന്നീട് അതേക്കുറിച്ച് തിരക്കിയില്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.
അധികംവന്ന സ്വര്‍ണം സ്‌പോണ്‍സറുടെ കൈവശമുണ്ടെന്ന് അറിഞ്ഞിട്ടും വാസു നടപടിയെടുത്തില്ലെന്നാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിനെതിരേ ഉയര്‍ന്നിരുന്ന ആരോപണം. അറസ്റ്റിലായ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ എസ്‌ഐടി സംഘം എന്‍. വാസുവിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

