അതെ, നമ്മെ സംരക്ഷിക്കാൻ ഇന്ത്യക്ക് ശക്തമായ ഒരു സർക്കാർ ആവശ്യമാണ്. മറ്റ് പണികൾ നിങ്ങളെ കാത്തിരിക്കുന്നു’ – മോദിയെ കടന്നാക്രമിച്ച് മഹുവ മൊയ്ത്ര.

ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്ഫോടന സംഭവത്തിൽ മോദിയെ കടന്നാക്രമിച്ച് മഹുവ മൊയ്ത്ര
ആഭ്യന്തര മന്ത്രി വിദ്വേഷമന്ത്രിയാണെന്നും അവർ പറഞ്ഞു.
ഇന്ത്യക്ക് ശക്തമായ ഒരു സർക്കാർ ആവശ്യമാണെന്നും തനിക്ക് വേണമെങ്കിൽ തിരികെ പോയി ഒരു ചായക്കട തുറക്കാമെന്നുമുള്ള പ്രധാനമരന്തി നരേന്ദ്ര മോദിയുടെ പഴയ ട്വീറ്റ് പങ്കുവെച്ചാണ് , കടുത്ത മറുപടിയുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തത്.
‘അതെ, നമ്മെ സംരക്ഷിക്കാൻ ഇന്ത്യക്ക് ശക്തമായ ഒരു സർക്കാർ ആവശ്യമാണ്. മറ്റ് പണികൾ നിങ്ങളെ കാത്തിരിക്കുന്നു’ മൊയ്ത്ര പറഞ്ഞു.
ഡൽഹി ചെങ്കോട്ടക്ക് സമീപം ഭീകരാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിട്ടും മോദി മുൻകൂട്ടി നിശ്ചയിച്ച ഭൂട്ടാൻ പര്യടനത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് മൊയ്ത്രയുടെ രൂക്ഷ വിമർശനം. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ, 2014 ഏപ്രിൽ 29നായിരുന്നു മോദിയുടെ ട്വീറ്റ്. ‘ഇന്ത്യക്ക് ശക്തമായ ഒരു സർക്കാർ ആവശ്യമാണ്. മോദി എന്നത് ഒരു വിഷയമല്ല. എനിക്ക് തിരികെ പോയി ഒരു ചായക്കട തുറക്കാം. പക്ഷേ, രാഷ്ട്രത്തിന് ഇനിയും സഹിക്കാനാവില്ല’ -എന്നായിരുന്നു ട്വീറ്റ്.
ആഭ്യന്തരമന്ത്രി അമിത് ഷായെയും മഹുവ കടുത്ത ഭാഷയിൽ വിമർശിച്ചു. ‘ഇന്ത്യക്ക് വേണ്ടത് കഴിവുള്ള ഒരു ആഭ്യന്തര മന്ത്രിയെയാണ്, മുഴുവൻ സമയ വിദ്വേഷ പ്രചാരണ മന്ത്രിയല്ല. നമ്മുടെ അതിർത്തികളെയും നഗരങ്ങളെയും സംരക്ഷിക്കേണ്ടത് ആഭ്യന്തരമന്ത്രി അമിത്ഷായുടെ കടമയല്ലേ? എല്ലാ കാര്യങ്ങളിലും അദ്ദേഹം ഇത്രയധികം പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്?’ -മൊയ്ത്ര ചോദിച്ചു.
അതിനിടെ, സ്ഫോടനത്തിന്‍റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാൻ കേന്ദ്രം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *