ഡിസം 1 ലോക എയ്ഡ്സ് ദിനം.ഭക്ഷണത്തിന് എയ്ഡ്സ് രോഗം നിയന്ത്രിക്കാനാകുമോ?
എച്ച്ഐവി വൈറസ് ശരീരത്തിന്റെ പ്രതിരോധ ശേഷിയെ തകർക്കുന്നതിനാൽ രൂപപ്പെടുന്ന ഗുരുതര രോഗമാണ് എയ്ഡ്സ്.
ശരീരത്തിൽ രോഗങ്ങളെയും അണുബാധകളെയും ചെറുക്കാനുള്ള കഴിവിനെ ഇല്ലാതാക്കുന്ന ഈ രോഗം പൂർണ്ണമായി മാറാൻ മരുന്നുകളില്ലെങ്കിലും, ശരിയായ പരിചരണവും ചികിത്സയും രോഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ലോകമെമ്പാടും എച്ച്ഐവി സംബന്ധിച്ച അവബോധം ഉയർത്തുന്നതിനായി ഡിസംബർ 1 ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എയ്ഡ്സിനെക്കുറിച്ചുള്ള തെറ്റായ ധാരണകൾ ഇന്നും സമൂഹത്തിൽ വ്യാപകമാണ്.
രോഗികളെ തൊടുകയോ അവരുടെ കൂടെ ഭക്ഷണം കഴിക്കുകയോ ചെയ്താൽ വൈറസ് പകരുമെന്നുള്ള ആശങ്ക ഇപ്പോഴും ചിലർക്കുണ്ട്. എന്നാൽ ഇവയൊന്നും രോഗം പകരാൻ കാരണമാകില്ല.
രോഗിയുടെ രക്തം, ശുക്ലം, യോനീസ്രവം തുടങ്ങിയ ശരീരദ്രവ്യങ്ങൾക്കൊപ്പം നേരിട്ട് സമ്പർക്കത്തിലാകുമ്പോഴും രോഗബാധിതർ ഉപയോഗിച്ച സിറിഞ്ചുകൾ വഴിയും മാത്രമാണ് എയ്ഡ്സ് പകരുന്നത്.
ലക്ഷണങ്ങൾ തിരിച്ചറിയുക:
എച്ച്ഐവി ബാധിച്ച ഉടൻ ചിലർക്കു പനി, ക്ഷീണം, തൊണ്ടവേദന, ഫ്ലൂ പോലെയുള്ള ലക്ഷണങ്ങൾ പ്രകടമാകാം. എന്നാൽ ചിലരിൽ വർഷങ്ങളോളം ലക്ഷണങ്ങൾ ഒന്നും കാണപ്പെടാതെ പോകുന്നുണ്ടെന്നതാണ് പ്രത്യേകത.
രോഗം മുന്നോട്ട് നീങ്ങുമ്പോൾ രാത്രിവിയർക്കുക, തുടർച്ചയായ അണുബാധകൾ, ശരീരഭാരം കുറഞ്ഞുവരിക, ഇടുപ്പുവേദന, വരണ്ട ചുമ, ശരീരവേദന, ഛർദ്ദി, അതിസാരം, വായിൽ വെളുപ്പുള്ള പാടുകൾ, ഭക്ഷണം കഴിക്കുമ്പോൾ വേദന, ചർമത്തിൽ പാടുകൾ, ശരീരത്തിൽ വ്രണങ്ങൾ തുടങ്ങിയവ പ്രകടമാകും
ശരിയായ ഭക്ഷണക്രമം എയ്ഡ്സ് രോഗികളിൽ രോഗലക്ഷണങ്ങൾ കുറയ്ക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു. പോഷകസമൃദ്ധമായ ഭക്ഷണം, ശുദ്ധജലം, ശരിയായ വിശ്രമം എന്നിവ ആരോഗ്യനില മെച്ചപ്പെടുത്താൻ നിർണ്ണായകമാണ്.
ഭക്ഷണത്തിന് എയ്ഡ്സ് രോഗം നിയന്ത്രിക്കാനാകുമോ
എയ്ഡ്സ് നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനു ഒരു പ്രധാന പങ്കു വഹിക്കാനാകും. എച്ച്ഐവി ബാധിച്ച ഒരാൾക്ക് വൈറ്റമിൻ എ, ബി, സിങ്ക്, അയൺ എന്നിവയുടെ അഭാവം നേരിടാം. എയ്ഡ്സ് രോഗികൾക്ക് നൽകുന്ന ആന്റിറെട്രോവൈറൽ മരുന്നുകളും പോഷകങ്ങളുടെ നിലയെ ബാധിക്കാം.
അതുകൊണ്ടുതന്നെ ശരിയായ ഭക്ഷണം രോഗലക്ഷണങ്ങളെ അകറ്റാൻ സഹായിക്കും. എയ്ഡ്സ് രോഗികൾക്ക് ആവശ്യമായ പോഷകങ്ങളും ഭക്ഷണങ്ങളും ഏതൊക്കെ എന്നു നോക്കാം.
1. ഇരുമ്പ് (Iron) ലഭിക്കാൻ പച്ചനിറത്തിലുള്ള ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം
2. ക്ഷീണം കുറയ്ക്കാൻ പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങളായ പാൽ, പാലുൽപ്പന്നങ്ങൾ, പരിപ്പ് വർഗങ്ങൾ, മുട്ട, അനിമൽ പ്രോട്ടീൻ ഇവ കഴിക്കാം.
3. വൈറ്റമിൻ സി, ഡി, ഇ, എ, സിങ്ക്, സെലനിയം, ഇരുമ്പ് എന്നിവയും ധാതുക്കളും രോഗപ്രതിരോധ ശക്തി വർധിപ്പിക്കും.
4. ഛർദ്ദി, ഓക്കാനം തുടങ്ങിയവ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്. ചെറിയ അളവിൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കാം.
5. ഭക്ഷണത്തിന് രുചിയില്ലായ്മയോ രുചിമാറ്റമോ അനുഭവപ്പെടാം. രുചി കൂട്ടുന്ന ഉപ്പ്, മുളക്, നാരങ്ങ തുടങ്ങിയവ ചേർക്കാം.
എയ്ഡ്സിനെക്കുറിച്ചുള്ള ശാസ്ത്രീയ അറിവ് സമൂഹത്തിലേക്കെത്തിക്കുക എന്നതാണ് ലോക എയ്ഡ്സ് ദിനത്തിന്റെ പ്രധാന സന്ദേശം. ശരിയായ വിവരങ്ങൾ പങ്കുവെച്ച് ഭയം മാറ്റുകയും മാനുഷികതയോടെ രോഗികളെ പിന്തുണയ്ക്കുകയും ചെയ്യുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.

