കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയില്‍

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയില് കണ്ടെത്തി. വയനാട് കേണിച്ചിറ സ്വദേശി ജിൽസൺ (43) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിവു പോലെ ഭക്ഷണം കഴിച്ച ശേഷം കിടന്നതായിരുന്നു ജിൽസൺ. സെല്ലിനകത്ത് മൂടി പുതച്ച നിലയിലായിരുന്നു കിടന്നിരുന്നത്. പുലർച്ചെ സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജിൽസൺ കഴിഞ്ഞ അഞ്ചു മാസമായി കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനാണ്. ഈ വര്‍ഷം ഏപ്രിലിലാണ് കേണിച്ചിറ സ്വദേശിനി ലിഷ(39)യെ കൊന്നത്.

കടബാധ്യതയുമായി ബന്ധപ്പെട്ട തര്‍ക്കിലാണ് ഭാര്യയെ ജില്‍സണ്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. വാട്ടര്‍ അതോറിറ്റി ജീവനക്കാരനായിരുന്നു ജില്‍സണ്‍. അറസ്റ്റിലായ ഉടനെ ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *