‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനത്തിൽ കേസെടുക്കില്ല. എ.ഡി. ജി.പി നിർദ്ദേശം.
തിരുവനന്തപുരം: വിവാദമായ ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനത്തിൽ കേസെടുക്കില്ല ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് പൊലീസിന് നിർദേശം നൽകിയത്. കേസെടുത്തത് തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് തീരുമാനം. സോഷ്യൽ മീഡിയയിൽ നിന്ന് ഗാനം നീക്കം ചെയ്യുന്നതിനായി മെറ്റയ്ക്ക് യൂട്യൂബിനും കത്ത് നൽകില്ലെന്നും അറിയിച്ചു. നിലവിൽ പാരഡി ഗാനത്തിനെതിരെ തിരുവനന്തപുരം സൈബർ പൊലീസിൽ ഒരു പരാതിയാണ് നൽകിയിട്ടുള്ളത്.
ഈ ഗാനം സൈബർ ഓപ്പറേഷൻ വിഭാഗം പരിശോധിച്ച ശേഷമാണ് കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചത്. അതിനുശേഷമാണ് ഗാനത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസ് നിലനിൽക്കില്ലെന്ന തലത്തിൽ പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ സംശയങ്ങൾ നിലനിന്നിരുന്നതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീടാണ് ഇന്നലെ ഉടൻ കടുത്ത നടപടികളിലേക്ക് പോകേണ്ടെന്ന തീരുമാനത്തിലെത്തിയത്.
അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ച് മതവിദ്വേഷം വളർത്താനും മതസൗഹാർദ്ദം ഇല്ലാതാക്കാനും ശ്രമിച്ചെന്നാണ് എഫ്ഐആറിലുള്ളത്. ഭക്തരുടെ മതവിശ്വാസത്തെ ദോഷമായി ബാധിച്ചെന്ന് കണ്ടെത്തിയാണ് ഭാരതീയ നിയമ സംഹിതയിലെ 299(മതവികാരം വ്രണപ്പെടുത്തൽ), 353(1)(സി) (സമൂഹത്തിൽ വൈരാഗ്യം സൃഷ്ടിക്കൽ) വകുപ്പുകൾ ചുമത്തിയത്. ഇത് കോടതിയുടെ പ്രാഥമിക പരിഗണനയിൽത്തന്നെ തള്ളുമെന്നായിരുന്നു നിയമ വിദഗ്ദ്ധരുടെ നിരീക്ഷണം. കേസെടുത്തതിനു പിന്നാലെ സ്വർണക്കൊള്ളയെ പരിഹസിച്ച് നിരവധി പാരഡിഗാനങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
റാന്നി തിരുവാഭരണപ്പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി എന്ന മേൽവിലാസത്തിൽ പ്രസാദ് കുഴിക്കാല നൽകിയ പരാതിയിലാണ് കേസെടുത്തത്. എന്നാൽ, പ്രസാദ് കുഴിക്കാലയുടെ സംഘടനയെകുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചു. പരാതി രജിസ്ട്രേഷൻ ഐ.ജിക്ക് കൈമാറി. അഭിഭാഷകനായ കുളത്തൂർ ജയ്സിംഗ് ആണ് പരാതിക്കാരൻ. പ്രസാദിന്റെ പരാതി തള്ളി തിരുവാഭരണപാത സംരക്ഷണസമിതി ചെയർമാൻ കെ.ഹരിദാസും രംഗത്തുവന്നിരുന്നു. തങ്ങളുടെ സംഘടനയിൽനിന്നും പുറത്തുപോയ വ്യക്തിയാണ് പ്രസാദെന്നും ആരോപിച്ചിരുന്നു.

