മലയാളിയുടെ സ്വന്തം ശ്രീനിക്ക് വിട.
കൊച്ചി :സാധാരണ ജീവിതങ്ങളെ അസാധാരണ മിഴവോടെ അഭ്രപാളിയിൽ അവതരിപ്പിച്ച മലയാളിയുടെ സ്വന്തം ശ്രീനിക്ക് വിട
തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസൻ (69) ഓർമയായി. രോഗബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്ന ശ്രീനിവാസനെ ഇന്നു രാവിലെ ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8.30ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം താലൂക്ക് ആശുപത്രിയിൽ. സംസ്കാരം പിന്നീട്. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകൻ), ധ്യാൻ ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്). മരുമക്കൾ: ദിവ്യ, അർപ്പിത.
ആക്ഷേപഹാസ്യത്തിന്റെ സാധ്യതകൾ സൂക്ഷ്മമായിത്തന്നെ ഉപയോഗിച്ച ശ്രീനിവാസൻ്റെ ആദ്യകാല സിനിമകൾ സാധാരണ മനുഷ്യരുടെ ജീവിതത്തിൻ്റെ നിസഹായതകളും സങ്കടങ്ങളും മിഴിവോടെ ആവിഷ്കരിച്ചു. സത്യൻ അന്തിക്കാടിനൊപ്പം അദ്ദേഹം ചെയ്ത വരവേൽപ് അടക്കമുള്ള സിനിമകൾ മലയാളിയുടെ ഒരു കാലഘട്ടത്തിൻ്റെ ചരിത്രവും ജീവിതവും പറയുന്നവയാണ്.
ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 1991 ൽ പുറത്തിറങ്ങിയ ‘സന്ദേശ’ത്തിന്റെ രാഷ്ട്രീയവും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്നു.
1956 ഏപ്രിൽ 4ന് തലശേരിക്കടുത്തുള്ള പാട്യത്ത് ജനിച്ചു. മട്ടന്നൂർ പഴശിരാജ എൻഎസ്എസ് കോളജിൽ നിന്ന് ബിരുദവും മദ്രാസ് ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്ന് ചലച്ചിത്ര അഭിനയത്തിൽ പരിശീലനവും നേടിയ അദ്ദേഹം 1977ൽ പി.എ. ബക്കറുടെ ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സൂപ്പർ താരം രജനികാന്ത് സഹപാഠിയായിരുന്നു.
ബക്കറുടേയും അരവിന്ദന്റെയും കെ.ജി. ജോർജിന്റേതുമടക്കമുളള നിരവധി ചിത്രങ്ങളിൽ ശ്രീനിവാസൻ അഭിനയിച്ചു. പഞ്ചവടിപ്പാലം, വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്നിവയിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്ത അദ്ദേഹം തിരക്കഥാരചനയിലേക്കും കടന്നു.‘പൂച്ചയ്ക്കൊരു മൂക്കുത്തി’യാണ് ആദ്യ തിരക്കഥ. പ്രിയദർശനുമായി ചേർന്ന് ഒരുക്കിയ ഹാസ്യചിത്രങ്ങളിലൂടെ അദ്ദേഹം സിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു.

സന്മസുളളവർക്ക് സമാധാനം, ടി.പി. ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് , തലയണമന്ത്രം, ഗോളാന്തരവാർത്ത,ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം,ഉദയനാണ് താരം , മഴയെത്തും മുമ്പേ,അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ് , അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ ,ഞാൻ പ്രകാശൻ തുടങ്ങിയ നിരവധി ഹിറ്റ്ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ, 2018 ഡിസംബറിൽ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരകഥ എഴുതിയ ചിത്രം.

