എസ്‌ഐആർ; പേരു വെട്ടിയാൽ കൃത്യമായ കാരണം പറയണം, 2002ലെ പട്ടികയുമായി ഒത്തു ചേരാത്തത് 19.32 ലക്ഷം വോട്ടർമാർ

’തിരുവനന്തപുരം: എസ്‌ഐആറിന്റെ ഭാഗമായി, ഹിയറിങ്ങിനു ശേഷം പട്ടികയിൽ നിന്ന് ഒഴിവാക്കിയാൽ വോട്ടറോട് കൃത്യമായ കാരണം പറയണം. ഹിയറിങ്ങിന് സമയം നിശ്ചയിച്ച് ബിഎൽഒമാർ മുഖേന നൽകുന്ന നോട്ടീസിലും ഹാജരാകേണ്ടതിന്റെ കാരണം അറിയിക്കണം. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കറാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
എന്യുമറേഷൻ ഫോമിൽ നൽകിയ വിവരം പൂർണമല്ലങ്കിലോ തെറ്റാണെങ്കിലോ 2002-ലെ വോട്ടർ പട്ടികയുമായി ചേരുന്നില്ലെങ്കിലോ ഹിയറിങ് ഉണ്ടാകും. 2002-ലെ പട്ടികയുമായി ഒത്തു ചേരാത്ത 19.32 ലക്ഷം വോട്ടർമാരാണുള്ളത്. ഇവരിൽ എല്ലാവർക്കും ഹിയറിങ് വേണ്ടി വരില്ലെന്നാണ് കമ്മിഷൻ പറയുന്നത്. എല്ലാവർക്കും തിരിച്ചറിയൽ രേഖയുള്ളതിനാൽ ഹിയറിങ്ങിനെത്തിയാൽത്തന്നെ പ്രശ്നങ്ങളുണ്ടാകില്ല. കൃത്യമായ രേഖ ഹാജരാക്കുന്നവർ വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് ഉദ്യോഗസ്ഥർക്കുള്ള നിർദേശം.

*ഹിയറിങ്ങിന് രണ്ട് അവസരം*
ഹിയറിങ്ങിന് ബിഎൽഒ വഴി നോട്ടീസ് നൽകിത്തുടങ്ങി. ഏഴു ദിവസത്തിനകം എത്തണം. ഇവർ കമ്മിഷൻ പറയുന്ന 12 രേഖകളിൽ ഒരെണ്ണം കൊണ്ടു വരണം. നോട്ടീസിൽ പറയുന്ന സമയത്ത് ഹിയറിങ്ങിന് എത്താനാകാത്തവർക്ക് ഒരു തവണകൂടി അവസരം നൽകും. ബിഎൽഎമാർക്കും വോട്ടറുടെ രേഖ ഹിയറിങ്ങിന് ഹാജരാക്കാം. കൂടുതൽ പേർക്ക് എത്താൻ പറ്റുന്ന പൊതുസ്ഥലത്തോ വോട്ടറുടെ ബൂത്തിൽത്തന്നെയോ സമയം നിശ്ചയിച്ച് ഹിയറിങ്ങിന് ‌സൗകര്യമൊരുക്കും. ‌

Leave a Reply

Your email address will not be published. Required fields are marked *