പിണറായിയെ കണ്ട പോറ്റിയുടെ ചിത്രം എ ഐ നിർമിതം. എം.വി ഗോവിന്ദൻ
തിരുവനന്തപുരം:
പിണറായിയെ കണ്ട പോറ്റിയുടെ ചിത്രം എ ഐ നിർമിതം
ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്നത് എ.ഐ ചിത്രമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സോണിയാ ഗാന്ധിയുമായി സ്വർണക്കൊള്ളക്കേസിലെ രണ്ട് പ്രതികൾ എന്ത് അടിസ്ഥാനത്തിലായിരുന്നു ഈ കൂടിക്കാഴ്ച നടത്തിയത്? എന്തായിരുന്നു സന്ദർഭം, ആരായിരുന്നു സമയം നിശ്ചയിച്ചത്, ആരുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച നടന്നത്, എന്തായിരുന്നു കൂടിക്കാഴ്ചയുടെ ഉള്ളടക്കം എന്നതെല്ലാം യു.ഡി.എഫ് കൺവീനർക്ക് വ്യക്തമാക്കേണ്ട ബാധ്യതയുണ്ട്. കാരണം അദ്ദേഹം കൂടി ചേർന്നിട്ടാണല്ലോ ഈ ചർച്ചകൾ സംഘടിപ്പിച്ചത്. വലിയ ദുരൂഹത ഇതിന് പിന്നിലുണ്ട്… -എം.വി. ഗോവിന്ദൻ പറഞ്ഞു.
മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിട്ടില്ല. അത് എ.ഐ സംവിധാനത്തിന്‍റെ ഭാഗമായി ഉണ്ടാക്കിയ ഫോട്ടോ ആണ്. രണ്ട് ഫോട്ടോ വേർതിരിച്ച് അറിയാൻ സാധിക്കുന്ന രീതിയിൽ കാണാൻ സാധിക്കും. അടൂർ പ്രകാശ് കാണിച്ചത് തെറ്റായ ഫോട്ടോ ആണ്, ഒരു നിർമിത ഫോട്ടോ ആണത്. ഇവർ എന്തിന് പോയി എന്നതിന് പകരം പിണറായി എന്തിന് പോയി എന്ന് പറഞ്ഞാൽ ശരിയാകില്ല. ഇന്ത്യയിലെ പ്രമുഖ പാർട്ടിയുടെ പ്രമുഖ നേതാവിനെ എന്തിനാണ് ഈ പ്രതികൾ ഉൾപ്പെടെയുള്ളവർ വളരെ ശ്രദ്ധയോടെ ഭവ്യതയോടെ കാണുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തത് എന്തിനായിരുന്നു എന്നത് അന്വേഷിക്കേണ്ടതാണ്.

