ഒഡീഷയിൽ ബംഗ്ലാദേശി കുടിയേറ്റക്കാര നെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ തൊഴിലാളിയെ ആൾകൂട്ടം തല്ലിക്കൊന്നു; ആറ് പേർ അറസ്റ്റിൽ.
ഭുവന്വേശ്വർ: ഒഡീഷയിലെ സാംബൽപൂർ ജില്ലയിൽ ബംഗ്ലാദേശി കുടിയേറ്റ തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നതായി റിപ്പോർട്ട്.
പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ ചക്ബഹാദൂർപൂരിൽ നിന്നുള്ള ജുവൽ ഷെയ്ഖാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ബംഗ്ലാദേശിൽ നിന്ന് രേഖകളില്ലാതെ വന്ന കുടിയേറ്റക്കാരനാണെന്ന് സംശയിച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു
എന്നാൽ ഒഡീഷ പൊലീസ് ഇത് നിഷേധിക്കുകയും ജുവൽ ഷെയ്ഖും പ്രതിയും പരസ്പരം പരിചയമുണ്ടെന്നുംഅവകാശപ്പെട്ടു.
ബുധനാഴ്ച വൈകുന്നേരം ജുവൽ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവമെന്നും പോലീസ് പറഞ്ഞു.
ആക്രമണത്തിൽ പരിക്കേറ്റ മറ്റ് രണ്ട് തൊഴിലാളികളായ അകിർ ഷെയ്ഖ്, പലാഷ് ഷെയ്ഖ് എന്നിവർ സാംബൽപൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികൾ ഇവരോട് ആദ്യം ബീഡി ആവശ്യപ്പെടുകയും പിന്നീട് ആധാർ കാർഡുകൾ ചോദിച്ചെന്നും ആധാർ കാർഡ് കാണിച്ചതിന് പിന്നാലെ സംഘം തങ്ങളെ മർദിക്കുകയായിരുന്നെന്നും പലാഷ് ഷെയ്ഖ് പറഞ്ഞു. ജുവലിനെ തലയ്ക്ക് അടിയേറ്റെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ബീഡി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഭവം നടന്നതെന്നും ബംഗാളി കുടിയേറ്റ തൊഴിലാളികൾ വിസമ്മതിച്ചതിനെ തുടർന്ന് ഒരു സംഘം പെട്ടെന്ന് അവരെ ആക്രമിക്കുകയുമായിരുന്നെന്ന് സാംബൽപൂർ അഡീഷണൽ പോലീസ് സൂപ്രണ്ട് ശ്രീമന്ത ബാരിക്ക് പറഞ്ഞു
ആറ് പേരെ ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്, കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ ബി.ജെ.പിക്കെതിരെ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തി.
‘ആറുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അവർക്കെതിരെ നടപടിയെടുക്കും. ഞങ്ങൾ കുടുംബത്തോടൊപ്പം നിൽക്കുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങൾ ഞങ്ങൾ ചെയ്തുവരികയാണ്,’ ടി.എം.സി എം.എൽ.എ ഇമാമി ബിശ്വാസ് പറഞ്ഞു.

