ബിജെപി അംഗങ്ങളുമായി ചേർന്ന് ഭരണം പിടിച്ച മറ്റത്തൂർ പഞ്ചായത്തിലെ പ്രതിസന്ധി ചർച്ചയിലൂടെ പരിഹരിക്കാൻ കോൺഗ്രസ് നീക്കം

തൃശൂർ :ബിജെപി അംഗങ്ങളുമായി ചേർന്ന് ഭരണം പിടിച്ച മറ്റത്തൂർ പഞ്ചായത്തിലെ പ്രതിസന്ധി ചർച്ചയിലൂടെ പരിഹരിക്കാൻ കോൺഗ്രസ് നീക്ക. ഡിസിസി ജനറൽ സെക്രട്ടറി ടി.എം ചന്ദ്രനടക്കമുള്ളവർ റോജി എം.ജോൺ എംഎൽഎയുമായി ചർച്ച നടത്തി. മറ്റത്തൂരിലെ സംഭവങ്ങളിൽ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ് രംഗത്ത് എത്തി.
പാർട്ടി നയം മറികടന്ന് ബിജെപിയുടെ വോട്ട് നേടി ലഭിച്ച പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങൾ രാജിവെക്കണമെന്നായിരുന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അന്ത്യശാസനം. എന്നാൽ പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കാനാണ് വിമതർ നീങ്ങുന്നത്. ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടായിട്ടില്ലെന്നും പാപഭാരം ഏറ്റെടുക്കാൻ കഴിയില്ലെന്നും, അതിനാൽ രാജിവെക്കാൻ ഇല്ലെന്നുമാണ് വിമതരുടെ നിലപാട്.
അങ്കമാലിയിൽ വച്ച് റോജി എം.ജോൺ എംഎൽഎയുമായി നടത്തിയ അനുനയചർച്ചയിലും ഇതേ കാര്യം ടി.എം ചന്ദ്രൻ അടക്കമുള്ളവർ വിശദീകരിച്ചു. കെപിസിസി നേതൃത്വത്തിന്റെ നിർദേശപ്രകാരമായിരുന്നു ചർച്ച. അതേ സമയം സംഭവത്തിൽ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗും രംഗത്തെത്തി. മറ്റത്തൂരിൽ നടന്നത് ജനാധിപത്യത്തിന് വിരുദ്ധമാണെന്നും നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ എന്നും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻറ് സി.എ റഷീദ് വ്യക്തമാക്കി.
ബിജെപിയുമായി സഖ്യം ഉണ്ടാക്കിയവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സംരക്ഷണ സംഘടനാ കേന്ദ്രം സെക്രട്ടറി ജോയ് കൈതാരം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *