തൊണ്ടി മുതൽ കേസ്: മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം | തൊണ്ടി മുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ എൽഡിഎഫ് നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. ആൻറണി രാജുവും കോടതി ക്ലർക്കായിരുന്ന ജോസുമായിരുന്നു പ്രതികള്‍. ഇവർ കുറ്റക്കാർ ആണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ, കള്ള തെളിവ് നിർമ്മിക്കൽ, പൊതുവായ ഉദ്ദേശത്തോടെ ഒത്തു ചേർന്ന് ഗുഢാലോചന നടത്തുക, പൊതു സേവകന്റെ നിയമ ലംഘനം, വ്യാജ രേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുന്നാവുന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്.

_തൊണ്ടിമുതൽ കേസിന്‍റെ നാള്‍വഴി_

1990 ഏപ്രില്‍ 4 – ഹാഷിഷ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഓസ്ട്രേലിയൻ സ്വദേശി തിരുവനന്തപുരത്ത് പിടിയിൽ

    61 ഗ്രാം ഹാഷിഷ് ഓയിലാണ് കടത്തിയത്
90ല്‍ തന്നെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പത്ത് വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയക്കും ശിക്ഷിക്കുന്നു
പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സെലിൻ വിൽഫ്രണ്ടിന്‍റെ ജൂനിയര്‍ ആയിരുന്നു ആന്‍റണി രാജു
1994 ല്‍ ഹൈക്കോടതിയില്‍ അപ്പീല്‍
അപ്പീലില്‍ ഇയാളെ വെറുതേ വിടുന്നു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെറുതെ വിട്ടത്
വിട്ടയച്ചതിനെ തുടര്‍ന്ന് സാൽവദോർ സാർലി തിരികെ നാട്ടിലേക്ക് മടങ്ങി
തൊണ്ടി മുതലിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിക്കുന്നു
തൊണ്ടിയില്‍ കൃത്രിമം നടത്തിയെന്ന സൂചനയോടെ ഹൈക്കോടതിയിൽ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുന്നു
ഇതിന്‍റെ അടിസ്ഥാനത്തില്‍ 1994ൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു
കൃത്രിമം നടത്തിയത് കോടതിയിലെ തൊണ്ടി ക്ലര്‍ക്ക് ജോസും ആന്‍റണി രാജുവും ചേര്‍ന്ന്

_​അട്ടിമറിയുടെ ചരിത്രം ഇങ്ങിനെ_

    സാൽവദോർ സാർലി ജയിലിലായി 4 മാസം കഴിഞ്ഞപ്പോള്‍ പോള്‍ എന്ന പേരില്‍ ബന്ധു കോടതിയിലെത്തുന്നു
കോടതിയുടെ കസ്റ്റഡിയിലുള്ള കേസിന് ആവശ്യമില്ലാത്ത സ്വകാര്യവസ്തുക്കള്‍ കൈമാറണം എന്ന് ഹര്‍ജി നല്‍കി
പോളും ആന്‍റണി രാജുവും സ്വകാര്യവസ്തുക്കള്‍ക്കൊപ്പം തൊണ്ടി മുതലായ അടിവസ്ത്രം കൂടി ഒപ്പിട്ട് വാങ്ങി
പിന്നീട് വിചാരണക്ക് തൊട്ടുമുമ്പാണ് ഇത് കോടതിയില്‍ തിരികെ നല്‍കുന്നത്
ഇക്കാലയളവിനിടെ അടിവസ്ത്രം മുറിച്ച് ചെറുതാക്കി വീണ്ടും തുന്നി
നിലിവിലുള്ള നൂലും മുറിച്ച ശേഷം സ്റ്റിച്ച് ചെയ്ത നൂലും രണ്ട് കളറില്‍
കേസിലെ പ്രധാന തെളിവായത് ആന്‍റണി രാജു ഒപ്പിട്ട രേഖ
അടിവസ്ത്രം വെട്ടിച്ചെറുതാക്കിയതായി ഫോറൻസിക് പരിശോധനയിലും തെളിഞ്ഞു
2005 ല്‍ ഉത്തരമേഖലാ ഐജിയായിരുന്ന ടി പി സെന്‍കുമാര്‍ അന്വേഷണത്തിന് ഉത്തരവിടുന്നു
2006ല്‍ ഫെബ്രുവരി 13ന് ജോസ് ഒന്നാംപ്രതിയും ആന്‍റണി രാജു രണ്ടാം പ്രതിയുമായി വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കുന്നു
2014 ല്‍ പ്രത്യേക ഉത്തരവിലൂടെ ജനപ്രതിനിധികള്‍ക്കായുള്ള നെടുമങ്ങാട്ടെ പ്രത്യേക കോടതിയിലെക്ക് കേസ് മാറ്റുന്നു
കേസിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ആന്‍റണി രാജു ഹര്‍ജി നല്‍കുന്നു
കേസില്‍ വിചാരണ നടക്കട്ടെയെന്ന് സുപ്രീംകോടതി

Leave a Reply

Your email address will not be published. Required fields are marked *