വെനസ്വേലയ്ക്ക് നേരെയുള്ള യുഎസിന്റെ സൈനിക നീക്കം: സ്വര്‍ണ്ണത്തിനും വെള്ളിക്കും റെക്കോര്‍ഡ് വില വര്‍ദ്ധനവിന് സാധ്യത; വിപണിയില്‍ ആശങ്ക
ന്യൂയോർക്ക്/കാരക്കാസ്: അമേരിക്കയും വെനസ്വേലയും തമ്മിലുള്ള നയതന്ത്ര-സൈനിക സംഘർഷം മുറുകുന്നതോടെ ആഗോള വിപണി കടുത്ത അനിശ്ചിതത്വത്തിലേക്ക്.വെനസ്വേലയിലെ മഡുറോ ഭരണകൂടത്തിന് നേരെ അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ സ്വർണ്ണം, വെള്ളി, ക്രൂഡ് ഓയില്‍ വിലകളില്‍ വലിയ വർദ്ധനവിന് കാരണമാകുമെന്നാണ് സാമ്ബത്തിക വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നത്.
സ്വർണ്ണവില 1.40 ലക്ഷത്തിലേക്ക്?
അന്താരാഷ്ട്ര വിപണിയായ കോമെക്സില്‍ (COMEX) സ്വർണ്ണവില നിലവില്‍ ഔണ്‍സിന് 4,345.50 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍ തിങ്കളാഴ്ച വിപണി തുറക്കുമ്ബോള്‍ ഇത് 4,380 ഡോളർ വരെ ഉയർന്നേക്കാമെന്ന് ‘യാ വെല്‍ത്ത്’ ഡയറക്ടർ അനുജ് ഗുപ്ത നിരീക്ഷിക്കുന്നു. ഇതിന്റെ പ്രതിഫലനം ഇന്ത്യൻ വിപണിയിലും പ്രകടമാകും. എംസിഎക്സ് (MCX) വിപണിയില്‍ 10 ഗ്രാം സ്വർണ്ണത്തിന് 1,40,000 രൂപയും, വെള്ളി കിലോയ്ക്ക് 2,45,000 രൂപയും വരെയായി വില ഉയരാൻ സാധ്യതയുണ്ട്. നിലവില്‍ ഔണ്‍സിന് 75 മുതല്‍ 78 ഡോളർ വരെയാണ് വെള്ളിയുടെ പ്രതീക്ഷിക്കുന്ന അന്താരാഷ്ട്ര നിരക്ക്.
വെള്ളി കയറ്റുമതിയില്‍ തിരിച്ചടി
യുഎസ്-വെനസ്വേല സംഘർഷം സമുദ്രപാതകളെ ബാധിക്കുന്നത് വെള്ളി വിതരണത്തില്‍ വലിയ തടസ്സങ്ങള്‍ സൃഷ്ടിക്കും. ലോകത്തിലെ പ്രമുഖ വെള്ളി കയറ്റുമതിക്കാരായ പെറു, ചാഡ് എന്നീ രാജ്യങ്ങള്‍ ഉപയോഗിക്കുന്ന കപ്പല്‍ പാതകളെ ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഇത് ആഗോളതലത്തില്‍ വെള്ളിയുടെ ലഭ്യത കുറയ്ക്കാനും വില കുത്തനെ കൂടാനും കാരണമാകും.
എണ്ണ വിപണിയിലെ സാഹചര്യം
ലോകത്തിലെ ക്രൂഡ് ഓയില്‍ നിക്ഷേപത്തിന്റെ അഞ്ചിലൊന്ന് കൈവശമുള്ള രാജ്യമാണ് വെനസ്വേലയെങ്കിലും, ആഗോള വിതരണ ശൃംഖലയില്‍ നിലവില്‍ അവർ വലിയ സ്വാധീനം ചെലുത്തുന്നില്ല. അതിനാല്‍ തന്നെ ഇപ്പോഴത്തെ പ്രതിസന്ധി എണ്ണ വിപണിയെ പെട്ടെന്ന് തളർത്തില്ലെന്നാണ് വിലയിരുത്തല്‍. എങ്കിലും ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 62 മുതല്‍ 65 ഡോളർ വരെയും, ഇന്ത്യൻ വിപണിയില്‍ 5,200 മുതല്‍ 5,300 രൂപ വരെയും ഉയർന്നേക്കാം.
ശനി, ഞായർ ദിവസങ്ങളില്‍ വിപണി അവധിയിലായതിനാല്‍ തിങ്കളാഴ്ച വ്യാപാരം പുനരാരംഭിക്കുമ്ബോള്‍ ലോകം ഉറ്റുനോക്കുന്നത് വലിയൊരു വിലക്കയറ്റത്തിലേക്കാണ്. യുദ്ധസമാനമായ സാഹചര്യം തുടർന്നാല്‍ ഭക്ഷ്യവസ്തുക്കളുടെ വിലയെയും ഇത് ബാധിച്ചേക്കാം.

