സംസ്ഥാനത്ത് കോഴിയുടെ വില കുതിച്ചുയരുന്നു

കോഴിക്കോട്:സംസ്ഥാനത്ത് കോഴിയുടെ വില കുതിച്ചുയരുന്ന പുതുവർഷത്തിൽ സംസ്ഥാനത്ത് കോഴിയിറച്ചി വിൽപ്പനയിൽ റിക്കാർഡ് ആയിരുന്നു

പുതുവത്സരത്തില്‍ മലയാളി അകത്തായത് 31.64 ലക്ഷം കിലോ കോഴിയിറച്ചിയാണെന്നുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

പക്ഷിപ്പനി മൂലം ആലപ്പുഴയിലെ ചില പഞ്ചായത്തുകളില്‍ കോഴിയിറച്ചി വില്‍പ്പനയ്ക്കു നിരോധനമുണ്ടായിരുന്നെങ്കിലും കച്ചവടത്തെ കാര്യമായി ബാധിച്ചില്ല. അതേസമയം സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുകയാണ്. മലയാളികള്‍ക്ക് കോഴിയിറച്ചിയോടുള്ള പ്രിയമാണ് ഇത് കാണിക്കുന്നത്. കോഴിക്കോട് ബ്രോയിലര്‍ കോഴി ഇറച്ചി കിലോയ്ക്ക് 290 രൂപയായി.

വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യത. വന്‍കിട ഫാമുടമകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച്‌ വില കുത്തനെ ഉയര്‍ത്തുകയാണെന്നും സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ പ്രതിഷേധ പരിപാടിയിലേക്ക് പോകുമെന്നും ചെറുകിട വ്യാപാരികള്‍ പ്രതികരിച്ചു. രണ്ടാഴ്ച മുമ്ബ് കോഴിക്കോട് ബ്രോയിലര്‍ കോഴിയിറച്ചിക്ക് കിലോയ്ക്ക് 200 രൂപ ആയിരുന്നു വിലയെങ്കില്‍ ഇപ്പോഴത് 290 ആയി. ലഗോണ്‍ കോഴി ഇറച്ചിക്ക് കിലോയ്ക്ക് 230 രൂപയായി. സ്പ്രിങിന് കിലോയ്ക്ക് 340 രൂപായായി വര്‍ദ്ധിച്ചു. ക്രിസ്മസ്, ന്യൂ ഇയര്‍, ആഘോഷങ്ങള്‍ക്ക് ശേഷവും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വന്‍കിട ഫാമുടമകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച്‌ വില വര്‍ദ്ധിപ്പിക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു.

സംസ്ഥാനത്തിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പുതുവല്‍സര ദിനത്തില്‍ കോഴിയിറച്ചി വില്‍പനയില്‍ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായത്. എന്നാല്‍ വിലക്കയറ്റം ഇങ്ങനെ തുടര്‍ന്നാല്‍ വലിയ പ്രതിസന്ധിയാണ് നേരിടുകയെന്ന് ഉപഭോക്താക്കള്‍ പറഞ്ഞു. സിവില്‍ സപ്ലൈസ് വിഭാഗം കര്‍ശനമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ കട അടപ്പ് സമരത്തിലേക്ക് പോകുമെന്ന് കോഴിക്കോട്ടെ ചിക്കന്‍ വ്യാപാരി വ്യവസായി സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്തെ ഭക്ഷണശാലകളിലേക്കും വീടുകളിലേക്കുമായി എന്നും ശരാശരി 22.6 ലക്ഷം കിലോ കോഴിയിറച്ചിയാണ് ചെലവാകുന്നത്. ആഘോഷദിവസങ്ങളില്‍ 40 ശതമാനം വർധനയുണ്ടാകുമെന്ന് ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്റെ കണക്കു വ്യക്തമാക്കുന്നു. പുതുവത്സര നാളുകളില്‍ ഏറ്റവും കൂടുതല്‍ കോഴിയിറച്ചി വിറ്റത് എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ്, 3.5 ലക്ഷം കിലോ വീതമായിരുന്നു അത്. രണ്ടാമത് തൃശ്ശൂരും കണ്ണൂരും- 3.15 ലക്ഷം കിലോ വീതം. ഏറ്റവും കുറവ് വയനാട്ടിലാണ്-84,000 കിലോ. ആലപ്പുഴയില്‍ 1.4 ലക്ഷം കിലോ ചെലവായി. രണ്ടുവർഷം മുൻപ് ആഘോഷദിവസങ്ങളില്‍ പ്രതിദിന വില്‍പ്പന പരമാവധി 22 ലക്ഷം കിലോയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *