മാല പൊട്ടിച്ച കേസിൽ കുടുക്കി പ്രവാസിയെ ജയിലില ടച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. .
കൊച്ചി: മാല പൊട്ടിച്ച കേസിൽ കുടുക്കി പ്രവാസിയെ ജയിലിലടച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്.
കണ്ണൂർ തലശ്ശേരിക്കടുത്ത കതിരൂര്‍ പുല്യോട് സിഎച്ച് നഗര്‍ സ്വദേശി താജുദ്ദീനാണ് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. താജുദ്ദീന് 10 ലക്ഷവും മക്കള്‍ക്കും ഭാര്യക്കും ഓരോ ലക്ഷം രൂപ വീതവും നല്‍കണമെന്നാണ് ഉത്തരവ്.
2018 ജൂലൈയിൽ കണ്ണൂർ പെരളശേരി ചോരക്കുളത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം. സ്കൂട്ടറിലെത്തിയയാൾ വീട്ടമ്മയുടെ മാല പിടിച്ചുപറിക്കുകയായിരുന്നു. അഞ്ചരപ്പവന്‍റെ മാലയാണ് കവർന്നത്. സി.സി.ടി.വി ദൃശ്യങ്ങളിൽ ഉള്ള പ്രതിയുമായി രൂപസാദൃശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി താജുദ്ദീനെ ചക്കരക്കല്ല് പൊലീസ് ആളുമാറി അറസ്റ്റ് ചെയ്തു. 54 ദിവസമാണ് ഇദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടിവന്നത്. പ്രവാസിയായ ഇദ്ദേഹം മകളുടെ വിവാഹാവശ്യാർഥം നാട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. 15 ദിവസത്തെ അവധിയിലായിരുന്നു താജുദ്ദീന്‍ നാട്ടിലെത്തിയത്. അതിനിടയിലാണ് മാല മോഷണത്തിലെ പ്രതിയായി ജയിലില്‍ കഴിയേണ്ടിവന്നത്. നിരപരാധിയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും തെളിവുകൾ ഹാജരാക്കിയിട്ടും പൊലീസ് വിട്ടയച്ചിരുന്നില്ല.
സംഭവത്തിൽ യഥാർഥ പ്രതി ശരത് വത്സരാജിനെ പിന്നീട് പിടികൂടിയിരുന്നു. അന്വേഷണത്തില്‍ ചക്കരക്കല്‍ എസ്‌ഐ ബിജുവിന് തെറ്റ് പറ്റിയെന്ന് കണ്ടെത്തി. എസ്.ഐയെ വകുപ്പതല നടപടിക്ക് വിധേയമാക്കി സ്ഥലം മാറ്റി.
ജീവിക്കാനുള്ള അവകാശത്തിന്റേയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണ് താജദ്ദീൻ നേരിട്ടതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നീതി ലഭിച്ചതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും വാര്‍ത്ത പുറത്തെത്തിച്ച ‘മീഡിയവണി’ന് നന്ദിയെന്നും താജുദ്ദീന്‍ പ്രതികരിച്ചു.

