5 KM പരിധിയിൽ 36 പള്ളിയുണ്ടെങ്കിലെന്ത്? നിലമ്പൂരിലെ പള്ളി വിഷയത്തിൽ ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതി

ന്യൂഡൽഹി :നൂറ് മുസ്ലിം പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു പള്ളിക്ക് എങ്ങനെ അനുമതി നിഷേധിക്കാനാകുമെന്ന് സുപ്രീംകോടതി. കേരള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജെ.ബി. പർഡിവാല അധ്യക്ഷനായ ബെഞ്ച് ഈ ചോദ്യം ഉന്നയിച്ചത്. കേരള ഹൈക്കോടതി വിധിക്കെതിരെ നൂറുൽ ഇസ്‌ലാം സാംസ്‌കാരിക സംഘം എന്ന സംഘടന നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു.

നിലമ്പൂരിൽ വാണിജ്യ കെട്ടിടം പള്ളിയാക്കിമാറ്റാൻ നൂറുൽ ഇസ്ലാം സാംസ്കാരിക സംഘം നൽകിയ അപേക്ഷ ജില്ലാ കളക്ടർ നിരസിച്ചിരുന്നു. കെട്ടിടം ഇരിക്കുന്ന പ്രദേശത്ത് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ സമാനമായ 36 മുസ്ലിം പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ നിരസിച്ചത്. ഇതിനെതിരെ നൂറുൽ ഇസ്ലാം സാംസ്കാരിക സംഘം ഹൈക്കോടതിയെ സമീപിച്ചെങ്കിലും കളക്ടറുടെ നിലപാട് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ഇതിനെതിരെയാണ് നൂറുൽ ഇസ്‌ലാം സാംസ്‌കാരിക സംഘം സുപ്രീംകോടതിയെ സമീപിച്ചത്.

ഹർജി പരിഗണിച്ച ജസ്റ്റിസ്മാരായ ജെ.ബി. പർഡിവാല, അലോക് ആർദരേ എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധിയെ പരോക്ഷമായി വിമർശിച്ചത്. നൂറ് മുസ്ലിം പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു പള്ളിക്ക് അനുമതി നിഷേധിക്കാൻ ഹൈക്കോടതിക്ക് എങ്ങനെയാകുമെന്ന് സുപ്രീംകോടതി ആരാഞ്ഞു. നിലവിലെ കേസിലെ എതിർ കക്ഷികൾക്ക് നോട്ടീസയച്ച സുപ്രീംകോടതി, പള്ളിയുടെ നിർമാണവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കരുതെന്ന് നിർദേശിച്ചു. ഈ വിഷയത്തിൽ രമ്യമായ ഒരു പരിഹാരം കണ്ടെത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാർക്കുവേണ്ടി സീനിയർ അഭിഭാഷകൻ പി.ബി. സുരേഷ് കുമാർ, അഭിഭാഷകൻ ജി. പ്രകാശ് എന്നിവർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *