ആഴക്ക ടലിൽ കൃത്രിമ വെളിച്ചം സൃഷ്ടിച്ചു മത്സ്യ ബന്ധനം; 3 ബോട്ടു കൾക്ക് 6.6 ലക്ഷം പിഴ
കോഴിക്കോട്:ബേപ്പൂർ ആഴക്കടലിൽ കൃത്രിമ വെളിച്ചം സൃഷ്ടിച്ചു മത്സ്യബന്ധനം നടത്തിയ 3 ബോട്ടുകൾക്ക് 6.6 ലക്ഷം രൂപ പിഴ ചുമത്തി ഫിഷറീസ് അധികൃതർ. ദക്ഷിണ കർണാടക ഉഡുപ്പി സ്വദേശി എം.ബി.അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള നിഹാലി സാഗർ, മംഗളൂരു സ്വദേശി സുനിൽകുമാറിന്റെ ദുർഗാംബ, തമിഴ്നാട് കുളച്ചൽ സ്വദേശി അന്തോണിയുടെ സെന്റ് മൈക്കിൾ എന്നീ ബോട്ടുകൾക്കാണു പിഴ ചുമത്തിയത്.
അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായി മറൈൻ എൻഫോഴ്സ്മെന്റ് നേതൃത്വത്തിൽ പുലർച്ചെ 2.30ന് നടത്തിയ പരിശോധനയിൽ ബേപ്പൂർ, കൊയിലാണ്ടി എന്നിവിടങ്ങളിൽ നിന്നാണ് അയൽസംസ്ഥാന ബോട്ടുകൾ കസ്റ്റഡിയിലെടുത്തത്. രാത്രി കടലിൽ അമിത വെളിച്ചം ഉപയോഗിച്ചു മത്സ്യക്കൂട്ടങ്ങളെ ആകർഷിച്ച് ചെറുമത്സ്യങ്ങൾ ഉൾപ്പെടെയുള്ളവയെയാണ് ഇവർ പിടിച്ചെടുക്കുന്നത്.പിടികൂടിയ ബോട്ടിന്റെ ഉടമകൾക്കെതിരെ കേരള മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. രാത്രി പരിശോധന വരും ദിവസങ്ങളിൽ തുടരുമെന്നും ഫിഷറീസ് അസി.ഡയറക്ടർ വി.സുനീർ അറിയിച്ചു. ഫിഷറീസ് അസി.റജിസ്ട്രാർ ബി.ഷാനവാസ്, എക്സ്റ്റൻഷൻ ഓഫിസർ ഡോ.കെ.വിജുല, മറൈൻ എൻഫോഴ്സ്മെന്റ് എസ്ഐ ടി.കെ.രാജേഷ്, ഫിഷറീസ് ഗാർഡുമാരായ എം.വിപിൻ, കെ.അരുൺ, കെ.ജിതിൻ ദാസ്, റെസ്ക്യു ഗാർഡുമാരായ ജെ.എസ്.വിഘ്നേഷ്, പി.മിഥുൻ, വി.അമർനാഥ്, സി.സായൂജ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

