സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കോഴിക്കോട് :കുന്നമംഗലത്ത് പ്രവർത്തിക്കുന്ന കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ശാസ്ത്ര സാങ്കേതിക വകുപ്പ് എക്സ് ഒഫീഷ്യോ പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫ. കെ.പി സുധീർ, സ്ഥാപനത്തിൻ്റെ ഡയറക്ടർ പ്രൊഫ. പി.കെ രത്നകുമാർ എന്നിവർ ചേർന്നാണ് ലോഗോ മുഖ്യമന്ത്രിക്ക് കൈമാറിയത്.
2021-22ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചതിൻ്റെ ഭാഗമായി കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിനെ മികവിൻ്റെ കേന്ദ്രമായി ഉയർത്താനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിരുന്നു. തുടർന്ന് 2024-25 സാമ്പത്തിക വർഷം കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിനെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കുകയുണ്ടായി.
കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് 2007 ൽ സ്ഥാപിതമായ ഒരു ഗണിത ഗവേഷണ സ്ഥാപനമാണ്. ഇത് ഇന്ത്യൻ ആണവ ഊർജ്ജ വകുപ്പ്, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻ്റ് എൻവയോൺമെൻ്റ് എന്നിവയുടെ സംയുക്ത സംരംഭമായിരുന്നു. ഗണിത ശാസ്ത്ര ഗവേഷണത്തിന് ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കാനുള്ള ദർശനത്തോടെയും പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിൽ നിലനിന്നിരുന്ന സമാന നാമമുള്ള സംഗമഗ്രാമ മാധവന്റെ ഗണിത പാഠശാലയുടെ മഹത്വം പുനരുജീവിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് സ്കൂൾ ഓഫ് മാത്തമാറ്റിക് സ്ഥാപിച്ചിട്ടുള്ളത്.
സ്ഥാപനത്തിൽ ഗണിത ശാസ്ത്രത്തിലും അനുബന്ധ വിഷയങ്ങളിലും ദേശീയവും അന്തർദേശീയവുമായ സമ്മേളനങ്ങൾ, വിവിധ ഗവേഷണ പ്രതിപാദക സെമിനാറുകൾ, വർക്ക്ഷോപ്പുകൾ എന്നിവ നടത്തിവരുന്നു. സ്ഥാപനത്തിൻ്റെ ഇൻ്റഗ്രേറ്റഡ് എം.എസ്.സി-പി.എച്ച്.ഡി, പി.എച്ച്.ഡി പ്രോഗ്രാമുകൾ ഉയർന്ന നിലവാരത്തിലുള്ള ഗണിത ശാസ്ത്ര ഗവേഷകരെ സൃഷ്ടിക്കാനുതുങ്ങുന്നതാണ്. അക്കാദമിക്ക് നിലവാരം ഉയർത്തുന്നതിനായി ഗണിത ശാസ്ത്രത്തിൽ അതിനൂതന കോഴ്സുകൾ ആരംഭിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള വിവിധ പ്രവർത്തനങ്ങളും സ്ഥാപനത്തിൽ ആരംഭിച്ചിട്ടുണ്ട്.
പി.ടി.എ റഹീം എംഎൽഎ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്‌ ഡോ. എം.സി ദത്തൻ, സ്ഥാപനത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *