വന്ദേഭാരതിന്റെ ആദ്യ യാത്രയിൽ മാത്രം നല്ല ഭക്ഷണം – പിന്നെ കഥ മാറി. സോഷ്യൽ മീഡിയയിൽ വൈറൽ

ന്യൂഡൽഹി:  വന്ദേഭാരതിന്റെ ആദ്യ യാത്രയിൽ കിട്ടിയത് നല്ല ഭക്ഷണം.പുതിയ പതിപ്പായ വന്ദേഭാരത് സ്ലീപ്പർ ഓടി തുടങ്ങിയത് ദിവസങ്ങൾക്ക് മുമ്പാണ്. ഇപ്പോഴിതാ, വന്ദേഭാരത് സ്ലീപ്പറിലെ ഭക്ഷണ നിലവാരം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. വിഐപികൾ യാത്ര ചെയ്ത ഉദ്ഘാടന ദിവസം വന്ദേഭാരത് സ്ലീപ്പറിൽ വിതരണം ചെയ്ത ഭക്ഷണവും സാധാരണജനങ്ങൾക്കായി സർവീസ് തുടങ്ങിയപ്പോൾ നൽകിയ ഭക്ഷണവും തമ്മിലെ വ്യത്യാസം ചൂണ്ടികാട്ടി യാത്രക്കാരൻ പങ്കുവെച്ച ഫോട്ടോയാണ് വൈറലായത്. ഉദയ് ചാറ്റർജി എന്നയാളാണ് രണ്ട് ഭക്ഷണങ്ങളുടേയും ചിത്രങ്ങൾ സഹിതം ഇക്കാര്യം എക്‌സിൽ പോസ്റ്റ് ചെയ്തത്.

ഫ്‌ളാഗ് ഓഫ് ദിവസത്തെ ഭക്ഷണം പ്ലാസ്റ്റിക് പാത്രത്തിലാണ് നൽകിയത്. ചോറ്, പറാത്ത, പനീറിന്റെ ഒരു വിഭവം, പച്ചക്കറി, ദാൽ, മധുരവിഭവം, അച്ചാർ എന്നിവയാണ് ഇതിലുണ്ടായിരുന്നത്. ഒപ്പം തൈരും ഉണ്ടായിരുന്നു. എന്നാൽ വന്ദേഭാരത് സ്ലീപ്പറിൽ ഇപ്പോൾ ഭക്ഷണം നൽകുന്നത് അലൂമിനിയം കണ്ടെയിനറിലാണ്. ഇതിനോടകം നിരവധി പേരാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിടിസി) മോശം സമീപനത്തിനെതിരെ രം​ഗത്തു വന്നത്. സമാനമായ അനുഭവങ്ങൾ പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.
വിഷയം ചർച്ചയായതിന് പിന്നാലെ വിശദീകരണവുമായി ഐആർസിടിസി രംഗത്തെത്തി. ഫ്‌ളാഗ് ഓഫ് ദിവസവും സാധാരണ സർവീസ് നടത്തുന്ന ദിവസങ്ങളിലും വന്ദേഭാരത് സ്ലീപ്പറിൽ നൽകിയ ഭക്ഷണത്തിന്റെ ഗുണനിലവാരവും അളവും ഒന്നാണെന്ന് ഐആർസിടിസിയുടെ വാദം. ഉദയ് ചാറ്റർജിയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഐആർസിടിസി ഇക്കാര്യം പറഞ്ഞത്. എന്നാൽ ഐആർസിടിസിയുടെ പോസ്റ്റിന് താഴെ ട്രെയിനിലെ ഭക്ഷണ നിലവാരത്തെ കുറിച്ച് രൂക്ഷമായ കമന്റുകളാണ് യാത്രക്കാർ ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *