ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശന വിലക്ക് രൂക്ഷമായി പ്രതികരിച് കോൺഗ്രസ്
ഉത്തരഖണ്ഡ് :ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ച ക്ഷേത്ര കമ്മിറ്റിയുടെയും ബി.ജെ.പി നേതാവിന്റെയും വിവാദ പ്രസ്താവന വർഗീയ ധ്രുവീകരണത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് കോൺഗ്രസ്.
ഉത്തരാഖണ്ഡിലെ ദേവഭൂമിയായ ബദ്രിനാഥ്, കേദാർനാഥ് ക്ഷേത്രങ്ങൾ ഉൾപ്പെടെ 45 ക്ഷേത്രങ്ങളിലേക്ക് അഹിന്ദുക്കളുടെ പ്രവേശനം പൂർണമായും നിരോധിക്കുമെന്ന ബദ്രിനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി (BKTC) പ്രഖ്യാപനത്തിനെതിരെയാണ് കോൺഗ്രസ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
ഇത് വെറും മതപാരമ്പര്യ സംരക്ഷണമല്ല, മറിച്ച് രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
ബി.ജെ.പി നേതാവും കമ്മിറ്റി ചെയർമാനുമായ ഹേമന്ത് ദ്വിവേദി നടത്തിയ പ്രഖ്യാപനത്തിൽ, “ദേവഭൂമി ഉത്തരാഖണ്ഡിന്റെ മത-സാംസ്കാരിക പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നത് പരമപ്രധാനമാണെന്ന് പറഞ്ഞിരുന്നു. പരമ്പരാഗതമായി അഹിന്ദുക്കൾക്ക് വിലക്കുണ്ടായിരുന്നെങ്കിലും, ബി.ജെ.പി ഇതര ഭരണകാലങ്ങളിൽ ഇത് ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
ക്ഷേത്രങ്ങളുടെ പവിത്രത ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും വരാനിരിക്കുന്ന ബോർഡ് യോഗത്തിൽ പ്രമേയം പാസാക്കുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ കോൺഗ്രസ് നേതാക്കൾ ഇതിനെ ശക്തമായി എതിർത്തു. “ഇത്തരം നീക്കങ്ങൾ ഹിന്ദു-അഹിന്ദു എന്ന വിഭാഗീയത സൃഷ്ടിച്ച് സമൂഹത്തെ ധ്രുവീകരിക്കാനുള്ളതാണ്. രാജ്യത്തിന്റെ മതേതര ഭരണഘടനയെയും ഐക്യത്തെയും തകർക്കുന്ന ഗൂഢശ്രമമാണിത്- അവർ വിമർശിച്ചു.
തീർത്ഥാടന കേന്ദ്രങ്ങളെ മതാടിസ്ഥാനത്തിൽ വേർതിരിക്കുന്നത് സാമൂഹിക ഐക്യത്തിനും സ്വാതന്ത്ര്യത്തിനുമെതിരാണെന്നും പാർട്ടി ചൂണ്ടിക്കാട്ടി.
സാമൂഹിക മാധ്യമങ്ങളിലും പൊതുസമൂഹത്തിലും വിവാദം ഇപ്പോൾ തന്നെ കത്തിപ്പടരുന്നുണ്ട്. മതേതര മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് ഊന്നിപ്പറഞ്ഞ കോൺഗ്രസ്, ഇത്തരം വിഭാഗീയ ശ്രമങ്ങൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുമെന്നും വ്യക്തമാക്കി

