കോഴിക്കോട് മാങ്കാവില്‍ കെട്ടിടത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു; മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍.
കോഴിക്കോട്: മാങ്കാവില്‍ കെട്ടിടത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു. മുറിക്കുള്ളില്‍ പുരുഷന്റെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. മാങ്കാവ് ആഴ്ചവട്ടം റോഡിലാണ് സംഭവം.
പ്രഭാത സവാരി നടത്തുന്നവരാണ് റോഡരികിലുള്ള കെട്ടിടത്തില്‍ നിന്നും തീയും പുകയും വരുന്നത് ശ്രദ്ധിച്ചത്. ഉടനെ ഫയര്‍ ഫോഴ്‌സ് എത്തിയെങ്കിലും മുറി മുഴുവന്‍ കത്തി നശിച്ചിരുന്നു.
മുറിക്കുള്ളില്‍ ഒരാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കല്ലായിയില്‍ ഫര്‍ണിച്ചര്‍ കടയില്‍ ജോലി ചെയ്തിരുന്നയാളാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നാണ് വിവരം. ഇയാളോണാ മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തും.കെട്ടിടത്തിന്റെ ഉടമസ്ഥന്‍ നിലവില്‍ സ്ഥലത്തില്ല.
എങ്ങനെയാണ് തീപിടിത്തം ഉണ്ടായതെന്ന് വ്യക്തമല്ല. രണ്ട് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഒറ്റമുറിയിലാണ് തീപിടിത്തമുണ്ടായത്. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

