റോഡിലെ കുഴി യുവാവിൻ്റെ ജീവനെടുത്തു. യു.ഡി.എഫ് പ്രവർത്തകർ തൊടുപുഴ പി.ഡബ്ല്യു.ഡി ഓഫീസ് ഉപരോധിച്ചു.
തൊടുപുഴ:
റോഡിലെ കുഴി യുവാവിൻ്റെ ജീവനെടുത്തു.മുതലക്കോടത്ത് റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് മരിച്ചത്. അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.
ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. കലുങ്ക് നിർമിക്കാൻ റോഡരികിൽ എടുത്ത കുഴിയിൽ വീണാണ് അപകടം. അടുത്ത ദിവസം ജോലിക്കായി വിദേശത്തേക്ക് പോകാനിരിക്കുകയായിരുന്നു യുവാവ്.
ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ഏറെക്കാലമായി ഈ കുഴി മൂടാതെ അപകടാവസ്ഥയിൽ തുടരുകയായിരുന്നു. നിരവധി തവണ അധികൃതരോട് കുഴി മൂടാൻ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
വീഴ്ച എവിടെയാണെന്ന് പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗത്തിന്‍റെ ഡെപ്യൂട്ടി ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം കർക്കശ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ തൊടുപുഴ പി.ഡബ്ല്യു.ഡി ഓഫീസ് ഉപരോധിച്ചു അസി. എക്സിക്യുട്ടീവ് ഓഫീസറുടെ കസേരയിൽ പ്രതിഷേധക്കാർ പൂച്ചട്ടി വെച്ചു.

