ഹോളിവുഡ് താരം റോബർട്ട് കരാഡിൻ ജീവനൊടുക്കി .
ഹോളിവുഡ് താരം റോബർട്ട് കരാഡിൻ ജീവനൊടുക്കി 71-ാം വയസ്സായിരുന്നു. റിവെഞ്ച് ഓഫ് ദി നേർഡ്സ്, ലിസി മക്ഗുയർ എന്നീ ചിത്രങ്ങളിലൂടെയും പരമ്പരകളിലൂടെയും ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനായിരുന്നു അദ്ദേഹം.
ഏകദേശം രണ്ട് പതിറ്റാണ്ടോളമായി തന്നെ അലട്ടിയിരുന്ന ബൈപോളാർ ഡിസോർഡർ എന്ന മാനസികാവസ്ഥയുമായുള്ള പോരാട്ടത്തിനൊടുവിൽ അദ്ദേഹം സ്വയം ജീവനൊടുക്കുകയായിരുന്നുവെന്ന് കുടുംബം പ്രസ്താവനയിലൂടെ അറിയിച്ചു. മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനാണ് കുടുംബം ഈ വിവരം പരസ്യമാക്കാൻ തീരുമാനിച്ചത്.
‘ഞങ്ങളുടെ പ്രിയപ്പെട്ട പിതാവും മുത്തച്ഛനും സഹോദരനുമായ റോബർട്ട് കരാഡിൻ വിടവാങ്ങിയ വിവരം അങ്ങേയറ്റത്തെ ദുഃഖത്തോടെ അറിയിക്കുന്നു. ലോകം ഇരുണ്ടതായി തോന്നുമ്പോഴും ബോബി എല്ലാവർക്കും പ്രകാശത്തിന്റെ കിരണമായിരുന്നു.
മാനസികരോഗങ്ങളുമായി ബന്ധപ്പെട്ട സാമൂഹികമായ മാറ്റിനിർത്തലുകൾ അവസാനിപ്പിക്കാൻ അദ്ദേഹത്തിന്റെ ജീവിതം വഴികാട്ടിയാകുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു’ കരാഡിൻ കുടുംബം അറിയിച്ചു. ‘ഇതിൽ നാണക്കേട് തോന്നേണ്ട കാര്യമില്ല. അദ്ദേഹത്തിന്റെ പോരാട്ടത്തെയും ആ മനോഹരമായ ആത്മാവിനെയും ലോകം അറിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു’ അദ്ദേഹത്തിന്റെ മൂത്ത സഹോദരനും നടനുമായ കീത്ത് കരാഡിൻ പറഞ്ഞു.

