കൊച്ചു പൈതലിനെ ക്രൂരമായി മർദിച്ച് കൊന്ന അമ്മക്കും കാമുകനും നേരെ ജനരോഷം
തിരുവനന്തപുരം: കൊച്ചു പൈതലിനെ ക്രൂരമായി മർദിച്ച് കൊന്ന അമ്മക്കും കാമുകനും നേരെ ജനരോഷംഇരമ്പി.നെടുമങ്ങാട് പനവൂരിൽ ഒന്നരവയസ്സുകാരനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛനെതിരേ നാട്ടുകാരുടെ രോഷപ്രകടനം. രണ്ടാനച്ഛനായ അഷ്കറിനെ ഞായറാഴ്ച രാവിലെ വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് രോഷാകുലരായ നാട്ടുകാർ ഇയാൾക്ക് നേരേ പാഞ്ഞടുത്തത്. ആക്രമിക്കാൻ ശ്രമിച്ചതോടെ പോലീസുകാർ നന്നേ പാടുപെട്ടാണ് പ്രതിയെ വീടിനകത്തേക്ക് കൊണ്ടുപോയത്. തുടർന്ന് വീട്ടിലും വീടിന് പുറത്തും മിനിറ്റുകൾക്കകം തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ് പ്രതിയുമായി മടങ്ങി.
ഒന്നരവയസ്സുകാരനായ അർഷിതിന്റെ മരണത്തിലാണ് അമ്മ അഖിലയെയും രണ്ടാനച്ഛനായ അഷ്കറിനെയും പോലീസ് കഴിഞ്ഞദിവസം അറസ്റ്റ്ചെയ്തത്. ക്രൂരപീഡനമേറ്റാണ് കുഞ്ഞ് മരിച്ചതെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഇരുവരെയും പോലീസ് പിടികൂടിയത്. അഖിലയുടെയും ആദ്യഭർത്താവായ അഖിലിന്റെയും മകനാണ് അർഷിത്. രണ്ടുവർഷം മുൻപാണ് അഖിൽ മരിച്ചത്. ഇതിനുശേഷമാണ് അഖില അഷ്കറിനൊപ്പം താമസം ആരംഭിച്ചത്.
കഴിഞ്ഞദിവസം അറസ്റ്റിലായ അഷ്കറിനെ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് തെളിവെടുപ്പിനായി വീട്ടിലെത്തിച്ചത്. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് വൻ ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ചുകൂടിയിരുന്നത്. സുരക്ഷയ്ക്കായി വൻ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. എന്നാൽ, പ്രതിയെ പോലീസ് പുറത്തിറക്കിയതിന് പിന്നാലെ നാട്ടുകാർക്ക് ഇയാൾക്ക് നേരേ പാഞ്ഞടുത്തു. ‘എന്ത് ക്രൂരതയാടാ കുഞ്ഞിനോട് കാട്ടിയത്’ എന്നുപറഞ്ഞ് സ്ത്രീകളടക്കമുള്ള പ്രതിക്കുനേരേ ആക്രോശിച്ചു. ഒടുവിൽ പോലീസ് അതിവേഗത്തിൽ പ്രതിയുമായി വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെ, അഷ്കർ ഉപയോഗിക്കുന്ന കാറും നാട്ടുകാർ അടിച്ചുതകർത്തിരുന്നു

