ശബരിമല സ്വർണ്ണ ക്കൊള്ള ക്കേസിലെ പ്രതിഭാഗം അഭിഭാഷകൻ പ്ലീഡറായി നിയമിച്ച നടപടിയിൽ വിവാ ദത്തിന് പിന്നാലെ രാജി
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിഭാഗം അഭിഭാഷനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി (സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ) നിയമിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കൊടുവിൽ കെ.ബി. പ്രദീപ് രാജിവെച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി.ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിസ്ഥാനത്തുള്ള ‘സ്മാർട്ട് ക്രിയേഷൻസ്’ കമ്പനിക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായിരുന്ന അഭിഭാഷകനാണ് കെ.ബി. പ്രദീപ്. ഇദ്ദേഹത്തെ ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ ജി.പി. ആക്കാൻ സർക്കാർ പ്രത്യേക തസ്തിക സൃഷ്ടിച്ചതു മുതൽ വലിയ രാഷ്ട്രീയ-നിയമ വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു.പ്രദീപിന്റെ നിയമനത്തിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു. പ്രതിഭാഗം അഭിഭാഷകനായിരുന്നയാൾ തന്നെ ദേവസ്വം വകുപ്പിന്റെ പ്ലീഡറായാൽ കേസിന്റെ നിർണായക വിവരങ്ങളും രേഖകളും പ്രതികൾക്ക് ചോരുമെന്ന് എസ്.ഐ.ടി, ശബരിമല സ്പെഷ്യൽ കമ്മീഷണറെ അറിയിച്ചു. സർക്കാരിനെ നേരിട്ട് ആശങ്ക അറിയിക്കുന്നതിലെ സാങ്കേതിക തടസ്സം മൂലം സ്പെഷ്യൽ കമ്മീഷണർ വഴി ഹൈക്കോടതിയെ ഈ വിവരം ധരിപ്പിക്കാൻ ഇരിക്കെയാണ് രാജി.നേരത്തെ ഈ കേസ് പരിഗണിക്കവെ, എസ്.ഐ.ടിയുടെ രേഖകൾ സ്മാർട്ട് ക്രിയേഷൻസിനും അവരുടെ അഭിഭാഷകനായ പ്രദീപിനും ലഭ്യമാകാതിരിക്കാൻ ഇവരെ ഹർജിയിൽ നിന്ന് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. രേഖകൾ കാണുന്നതിൽ നിന്ന് കോടതി വിലക്കിയ അതേ അഭിഭാഷകനെയാണ് സർക്കാർ ദേവസ്വം വകുപ്പിന്റെ തലപ്പത്തേക്ക് കൊണ്ടുവന്നത്. പുതിയ പദവി ലഭിച്ചതോടെ എസ്.ഐ.ടി രേഖകൾ പ്രദീപിന് തടസ്സമില്ലാതെ ലഭിക്കുമെന്ന സാഹചര്യം വന്നതാണ് വിവാദം കൊഴുപ്പിച്ചത്.പ്രദീപിന്റെ രാഷ്ട്രീയ പശ്ചാത്തലം പോലും നോക്കാതെയാണ് നിയമനമെന്ന വിമർശനം ഉയർന്നപ്പോൾ, ഈ തീരുമാനം മുഖ്യമന്ത്രി വി.ഡി. സതീശന്റേത് മാത്രമാണെന്നും അദ്ദേഹത്തിന്റെ വിവേചനാധികാരത്തിൽ താൻ ഇടപെടില്ലെന്നും കെ. മുരളീധരൻ പ്രതികരിച്ചിരുന്നു. പരസ്യമായ ന്യായീകരണങ്ങളും താല്പര്യ വൈരുദ്ധ്യങ്ങളും ഒടുവിൽ മുഖ്യമന്ത്രിയുടെ ഇടപെടലിലും പ്രദീപിന്റെ രാജിയിലുമാണ് ചെന്നവസാനിച്ചത്.

