യുവതിയെ ബ്ലാക്ക് മെയിലിങ് ;കർണാടകയിലെ ബല്ലാരിയിൽ 26-കാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച നിലയിൽ കണ്ടെത്തി. യുവതിയും ഭർത്താവും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
ബെല്ലാരി :കർണാടകയിലെ ബല്ലാരിയിൽ 26-കാരനെ കൊലപ്പെടുത്തി മൃതദേഹം കനാൽ പരിസരത്ത് കത്തിച്ച നിലയിൽ കണ്ടെത്തിയ കേസിൽ യുവതിയും ഭർത്താവും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റി. ബല്ലാരിയിലെ സ്വകാര്യ ലബോറട്ടറി ജീവനക്കാരനായ ബസവനഗൗഡ പാട്ടീൽ ആണ് കൊല്ലപ്പെട്ടത്. കേസിൽ ദൊഡ്ഡ ബസവനഗൗഡ (36), ഭാര്യ ശ്വേത (30), ശ്വേതയുടെ സഹോദരൻ വിജയ് (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി യുവാവ് ശ്വേതയെ ബ്ലാക്ക്മെയിൽ ചെയ്തിരുന്നതായാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി.
കഴിഞ്ഞ ജൂൺ 7-ന് രാത്രിയാണ് ബസവനഗൗഡ പാട്ടീലിനെ കാണാതാകുന്നത്. തൊട്ടടുത്ത ദിവസം രാവിലെ മൊക പോലീസ് സ്റ്റേഷൻ പരിധിയിലെ ശിവപുര-തമ്പ്രഹള്ളി എൽ.എൽ.സി കനാലിന് സമീപം പകുതി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ബംഗളൂരുവിലേക്ക് കടന്ന പ്രതികളെ അവിടെ വെച്ചാണ് പോലീസ് പിടികൂടിയത്. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മൃതദേഹം തിരിച്ചറിയുന്നതിനായിരുന്നു പോലീസ് ആദ്യം മുൻഗണന നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, കൊല്ലപ്പെട്ട യുവാവിന്റെ കോൾ ഡീറ്റെയിൽ റെക്കോർഡുകൾ പരിശോധിച്ചപ്പോഴാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. യുവാവ് അവസാനമായി ഫോണിൽ സംസാരിച്ചതും സന്ദേശങ്ങൾ അയച്ചതും ശ്വേതയ്ക്കായിരുന്നു. സംഭവത്തിന് പിന്നാലെ ശ്വേതയെ കാണാതായത് പോലീസിന്റെ സംശയം വർദ്ധിപ്പിച്ചു.
ശ്വേതയുടെ അനിയത്തിയെ ബസവനഗൗഡ പാട്ടീലിന്റെ ജ്യേഷ്ഠൻ മഞ്ജുനാഥ് വിവാഹം കഴിച്ചതിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ ഒരു വർഷമായി തന്റെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബസവനഗൗഡ തന്നെ ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നുവെന്ന് ശ്വേത പോലീസിനോട് പറഞ്ഞു.
ശല്യം സഹിക്കവയ്യാതെ കഴിഞ്ഞ മാർച്ച് 15-ന് ശ്വേത ഇയാളെ നേരിട്ട് കണ്ട് മൊബൈൽ ഫോൺ തല്ലിത്തകർത്തിരുന്നു. എന്നാൽ ചിത്രങ്ങൾ മറ്റ് പലയിടത്തും സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഇയാൾ ഭീഷണി തുടർന്നു. ഇതോടെയാണ് ശ്വേത വിവരം ഭർത്താവിനോടും സഹോദരനോടും പറയുന്നത്. തുടര്ന്ന് മൂവരും ചേർന്ന് ഇയാളെ വകവരുത്താൻ പദ്ധതിയിടുകയായിരുന്നു.
പദ്ധതിപ്രകാരം ജൂൺ 7-ന് ശ്വേത ബസവനഗൗഡയെ കനാലിന് സമീപത്തേക്ക് വിളിച്ചുവരുത്തി. ഇയാൾ എത്തിയതോടെ അവിടെ ഒളിച്ചിരുന്ന ഭർത്താവും സഹോദരനും ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. എന്നാൽ കൊല്ലപ്പെട്ട യുവാവിന്റെ കൈവശം യഥാർത്ഥത്തിൽ ശ്വേതയുടെ സ്വകാര്യ ചിത്രങ്ങൾ ഉണ്ടായിരുന്നോ എന്നും ഇവർ തമ്മിൽ മറ്റ് ബന്ധങ്ങൾ ഉണ്ടായിരുന്നോ എന്നും കൂടുതൽ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

