AI girlfriend

കനത്ത മഴയും പ്രളയവും ; പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം: കനത്ത മഴയും വിവിധ മേഖലകളിലെ പ്രളയവും കണക്കിലെടുത്ത് പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ് (ഓഗസ്റ്റ് 3) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിൽ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടർ എ. നിസാമുദ്ദീൻ അറിയിച്ചു.

മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റമില്ല. അതുപോലെ, പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് നാളെ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും.

അതേസമയം സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രണ്ട് പ്രധാന ഡാമുകളിൽ കൂടി റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിലും ഇടുക്കി ജില്ലയിലെ മലങ്കര ഡാമിലുമാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
ഈ ഡാമുകളുടെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് കനത്ത ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, റെഡ് അലേർട്ട് പ്രഖ്യാപിച്ച ഡാമുകളുടെ സമീപത്തുള്ള വീടുകളിൽ കഴിയുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാനും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *