ഇരട്ടച്ചക്രവാതച്ചുഴി; ഒന്പതു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം :തോരാമഴയിലും തീവ്രദുരിതത്തിലും വലയുന്ന കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി വീണ്ടും പെരുമഴക്കാല മുന്നറിയിപ്പ്
തെക്കൻ കർണാടകയ്ക്കും മധ്യപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട രണ്ട് ചക്രവാതച്ചുഴികള്‍ അടുത്ത നാലുദിവസംകൂടി കേരളത്തില്‍ മഴ ശക്തമാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഒൻപത് ജില്ലകളില്‍ ഇന്നും നാലു ജില്ലകളില്‍ നാളെയും ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇതോടെ ദിവസങ്ങളായി ദുരിതമഴയില്‍ പകച്ചു നില്‍ക്കുന്ന കേരളം പ്രളയഭീതിയുടെ നിഴലിലായിരിക്കുകയുമാണ്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെയും ഓറഞ്ച് അലർട്ട് തുടരും. മറ്റെല്ലാ ജില്ലകളിലും വെള്ളിയാഴ്ച വരെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
തെക്കൻ കർണാടകയ്ക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി 5.8 കിലോമീറ്റർ ഉയരത്തിലും മധ്യപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും സമീപമുള്ള ആന്ധ്രപ്രദേശ് തീരപ്രദേശത്തിനും മുകളിലായി 4.5 കിലോമീറ്റർ ഉയരത്തിലുമാണ് രണ്ടു ചക്രവാതച്ചുഴികള്‍ സ്ഥിതി ചെയ്യുന്നത്. ചക്രവാതച്ചുഴിക്കൊപ്പം സജീവമായ പടിഞ്ഞാറൻ കാറ്റും അന്തരീക്ഷ വായുവിലെ ഈർപ്പത്തിന്റെ വർധിച്ച തോതുമാണ് മഴ ശക്തിപ്പെടാനുള്ള പ്രധാന കാരണമെന്നുമാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതും അതിശക്തമായതുമായ മഴ ലഭിക്കാനിടയുള്ളതിനാല്‍ മലയോര മേഖലകള്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍, നദീതീരങ്ങള്‍, വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ജാഗ്രത പാലിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട പ്രളയദുരിതം തുടരുന്ന പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്നും ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിർദേശം നല്‍കി. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെത്തുടർന്ന് പല പ്രദേശങ്ങളിലും മണ്ണ് പൂർണമായി കുതിർന്നു കിടക്കുന്നതിനാല്‍ ചെറിയ തോതിലുള്ള മഴപോലും മണ്ണിടിച്ചിലിനും മരങ്ങള്‍ കടപുഴകുന്നതിനും കാരണമായേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി. അറബിക്കടലിലും കേരള-ലക്ഷദ്വീപ് തീരത്തും ശക്തമായ കാറ്റിനും മോശം കടല്‍സ്ഥിതിക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
പരീക്ഷകള്‍ മാറ്റിവച്ചു
കേരള സർവകലാശാല ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കല്‍, വൈവവോസി ഉള്‍പ്പടെ) മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.കേരള സർവകലാശാല പഠന വകുപ്പുകളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സർവകലാശാല അറിയിച്ചു.
മഴക്കെടുതി: മരണം 25 ; ദുരിതാശ്വാസ ക്യാന്പുകളില്‍ 18,434 പേർ
തിരുവനന്തപുരം: ഓഗസ്റ്റ് ഒന്നു മുതല്‍ സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയിലും തുടർന്നുണ്ടായ പ്രളയദുരന്തങ്ങളിലും ഇതുവരെ മരിച്ചവരുടെ എണ്ണം 25 ആയി. പത്തു പേർക്ക് വിവിധ അപകടങ്ങളില്‍ പരിക്കേറ്റു. നാലു പേരെ കാണാതായി.
മഴക്കെടുതിയുടെ ദുരിതം വ്യാപകമായതോടെ സംസ്ഥാനത്താകെ 418 ദുരിതാശ്വാസ ക്യാന്പുകള്‍ തുറന്നു. 18,434 പേരാണ് വിവിധ ക്യാന്പുകളി ലായി കഴിയുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ തുടരുന്നതിനിടെ മധ്യകേരളത്തിലടക്കമുള്ള ക്യാന്പുകള്‍ പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങളിലും വെള്ളം കയറിയതോടെയാണ് ക്യാന്പില്‍ കഴിയുന്നവരുടെ ദുരിതം ഇരട്ടിയായത്.
സംസ്ഥാനത്ത് ഇതുവരെ 52 വീടുകള്‍ പൂർണമായും 565 വീടുകള്‍ ഭാഗികമായും തകർന്നതായി സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കുകള്‍ പ്രകാരം വ്യക്തമാക്കി. ദുരിത മഴയെത്തുടർന്നുണ്ടായ അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പേർ മരിച്ചത് കോട്ടയം ജില്ലയിലാണ്. ജില്ലയിലുണ്ടായ മഴക്കെടുതിയില്‍ അഞ്ചു പേർക്കാണ് ജീവൻ നഷ്ടമായത്. മലപ്പുറത്ത് നാല് പേരും തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ ജില്ലകളില്‍ മൂന്നുപേർ വീതവും കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ രണ്ടുപേർ വീതവും പത്തനംതിട്ടയില്‍ ഒരാളും പാലക്കാട് ജില്ലയില്‍ ഒരാളും മരിച്ചു

