ബഹിരാകാശ മാലിന്യമായി മാറിയ ഫാല്‍ക്കണ്‍ 9 (Falcon 9) റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങി. ഭീഷണിയാവുമോ?
നാസ :ചന്ദ്രനില്‍ വൻ കൂട്ടിയിടി സംഭവിച്ചിരിക്കുന്നു, മണിക്കൂറുകള്‍ക്കു മുൻപ്..! ഭൂമിക്കു ദോഷകരമായി മാറുന്നില്ലെങ്കിലും ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ റോക്കറ്റിന്റെ കൂറ്റൻ അവശിഷ്ടം ഭാവിയിലെ ബഹിരാകാശ ഗവേഷണ മേഖലയില്‍ വലിയ ചോദ്യങ്ങള്‍ ഉയർത്തുന്നതായി ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു.
ബഹിരാകാശത്ത് മാസങ്ങളായി നിയന്ത്രണമില്ലാതെ ചുറ്റിത്തിരിയുന്ന സ്പേസ് എക്സ് റോക്കറ്റിന്റെ ഭീമാകാരമായ ഭാഗമാണ് ചന്ദ്രന്റെ ഉപരിതലത്തില്‍ അതിവേഗത്തില്‍ പതിച്ചത്. ഒരു വലിയ സ്കൂള്‍ ബസിന്റെ വലുപ്പമുള്ളതും 4,000 കിലോഗ്രാമോളം ഭാരവമുള്ള റോക്കറ്റിന്റെ ഭാഗം മണിക്കൂറില്‍ 8,690 കിലോമീറ്റർ വേഗത്തിലാണ് ചന്ദ്രന്റെ ഉപരിതലത്തിലേക്കു കൂപ്പുകുത്തിയത്. ചന്ദ്രന്റെ പടിഞ്ഞാറൻ അതിർത്തിയിലുള്ള ഐൻസ്റ്റീൻ ഗർത്തത്തിലാണ് റോക്കറ്റ് അവശിഷ്ടം തകർന്നുവീണത്. കൂട്ടിയിടിക്കുശേഷം ചന്ദ്രനില്‍ എന്തൊക്കെ സംഭവിക്കുന്നുവെന്ന് നാസ നിരീക്ഷിക്കുകയാണ്.
2025 ജനുവരിയിലാണ് ഫയർഫ്ലൈ എയറോസ്പേസിന്റെ (Firefly Aerospace) ലൂണാർ ലാൻഡറിനെയും വഹിച്ച് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 (Falcon 9) റോക്കറ്റ് കുതിച്ചുയർന്നത്. ലാൻഡറിനെ ചന്ദ്രനിലേക്കുള്ള പാതയില്‍ എത്തിച്ച ശേഷം, റോക്കറ്റിന്റെ രണ്ടാം ഘട്ടം ബഹിരാകാശത്ത് ഉപേക്ഷിക്കുകയായിരുന്നു. സാധാരണയായി ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളില്‍ ഉപയോഗിക്കുന്ന റോക്കറ്റ് ഭാഗങ്ങള്‍ ദൗത്യത്തിനു ശേഷം ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിച്ചശേഷം കത്തിയമരുകയോ സമുദ്രത്തില്‍ പതിക്കുകയോ ചെയ്യാം. എന്നാല്‍, റോക്കറ്റിന്റെ ഭാഗം ഭൂമിയില്‍നിന്ന് ഏറെ അകലെ ബഹിരാകാശത്ത് തങ്ങിനില്ക്കാൻ ഇടയായി. ഇന്ധനം പൂർണമായും തീർന്നതോടെ ഈ കൂറ്റൻ ഇരുമ്പുഭാഗം അനിയന്ത്രിത ബഹിരാകാശ മാലിന്യമായി മാറി
മനുഷ്യന്റെ നിയന്ത്രണങ്ങള്ക്കപ്പുറത്തു കിടന്ന റോക്കറ്റ് ഭാഗം ചന്ദ്രനില്‍ പതിക്കുന്ന പാതയിലേക്ക് എത്തിയതിനു പിന്നില്‍ മറ്റു കാരണങ്ങളുമുണ്ട്. സൗരവാതങ്ങള്‍, സൂര്യന്റെയും ഭൂമിയുടെയും ചന്ദ്രന്റെയും സംയുക്ത ഗുരുത്വാകർഷണ ബലങ്ങള്‍ എന്നിവ ചേർന്ന് റോക്കറ്റിന്റെ ഭ്രമണപഥത്തെ ക്രമേണ ചന്ദ്രന് അഭിമുഖമായി തിരിച്ചുവിടുകയായിരുന്നു.
അതിവേഗത്തിലുള്ള ഈ കൂട്ടിയിടിയില്‍ ചന്ദ്രന്റെ ഉപരിതലത്തില്‍നിന്ന് വൻതോതില്‍ ധൂളീപടലങ്ങള്‍ ഉയരും. സൂര്യപ്രകാശം തട്ടുമ്പോള്‍ പൊടിപടലങ്ങള്‍ തിളങ്ങുമെങ്കിലും ഭൂമിയില്‍നിന്ന് നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാൻ പ്രയാസമാണ്. ആഘാതം കൊണ്ട്o ഭൂമിക്കോ മറ്റ് കൃത്രിമ ഉപഗ്രഹങ്ങള്‍ക്കോ യാതൊരുവിധ ഭീഷണിയുമില്ലെന്ന് നാസ വ്യക്തമാക്കുന്നു- ഇത് അപകടമൊന്നും സൃഷ്ടിക്കുന്നില്ല. എങ്കിലും ബഹിരാകാശ പേടകങ്ങളും അവശിഷ്ടങ്ങളും ഉപേക്ഷിക്കുന്നതിലെ അശ്രദ്ധയും ഉത്തരവാദിത്തമില്ലായ്മയും ഇതു ചൂണ്ടിക്കാണിക്കുന്നുവെന്ന് ബഹിരാകാശ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
ചന്ദ്രനില്‍ മനുഷ്യനിർമിത വസ്തുക്കള്‍ പതിക്കുന്നത് ഇതാദ്യമല്ല. ശാസ്ത്രീയ പഠനങ്ങള്‍ക്കായും സാങ്കേതിക തകരാറുകള്‍ മൂലവും മുൻപും നിരവധി വസ്തുക്കള്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയിട്ടുണ്ട്. 1970ല്‍ നാസയുടെ സാറ്റണ്‍ 5, 2009ല്‍ നാസയുടെതന്നെ എല്‍ക്രോസ്, 2019ല്‍ ഇന്ത്യയുടെ ചാന്ദ്രയാൻ (വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ സാങ്കേതിക തകരാറുകൊണ്ടു തകർന്നുവീഴുകയായിരുന്നു) തുടങ്ങിയ നിരവധി ഉപഗ്രഹങ്ങള്‍, ഉപഗ്രഹഭാഗങ്ങള്‍ ചന്ദ്രനില്‍ ഇടിച്ചിറക്കിയിട്ടുണ്ട്.

